കൊച്ചി: ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് കൈത്താങ്ങുമായി ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്. ‘വയനാട്ടിലെ കുട്ടികൾക്കൊപ്പം’ എന്ന ഹാഷ് ടാഗോട് കൂടിയാണ് പ്രവർത്തനങ്ങൾ. ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട് അനാഥരായ എല്ലാ കുട്ടികളുടെയും പഠനം, കരിയർ ഡിസൈൻ എന്നിവ മുതൽ ജോലി കിട്ടുന്നത് വരെയുള്ള എല്ലാ ചെലവുകളും ഏരീസ് ഗ്രൂപ്പ് ഏറ്റെടുക്കും. അതോടൊപ്പം മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട, ജീവിതം പ്രതിസന്ധിയിലായ പത്ത് കുട്ടികളുടെ പഠനച്ചെലവും സ്ഥാപനം ഏറ്റെടുക്കുമെന്ന് ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സോഹൻ റോയ് പറഞ്ഞു .
‘കുട്ടികളുടെ പഠനത്തിനാവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കി വയനാടിൻ്റെ പുനർനിർമ്മാണ ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നൽകുക എന്നതാണ് ‘വയനാട്ടിലെ കുട്ടികൾക്കൊപ്പം’ എന്ന പരിപാടിയുടെ ലക്ഷ്യം. മാതാപിതാക്കളുടെ വേർപാടിലൂടെയും ദുരന്തക്കാഴ്ചകളിലൂടെയും മാനസികമായി ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കുട്ടികൾക്ക് സ്ഥാപനത്തിലെ ഹാപ്പിനസ് ഡിപ്പാർട്ട്മെൻ്റിൻ്റെ പിന്തുണയോടെ വേണ്ടുന്ന സഹായങ്ങൾ ലഭ്യമാക്കും .വയനാട്ടിലേക്ക് നിരവധി സഹായ വാഗ്ദാനങ്ങളും സഹായങ്ങളും ഇതിനോടകം തന്നെ എത്തിച്ചേർന്നിട്ടുണ്ട്, അവരെയെല്ലാം പ്രത്യേകം അഭിനന്ദിക്കുന്നു. ഏരീസ് ലക്ഷ്യമിടുന്നത് അവിടുത്തെ കുഞ്ഞുങ്ങളുടെ ഭാവിയാണ്’ സോഹൻ റോയ് വ്യക്തമാക്കി.