രാജകുമാരി: അരിക്കൊമ്പന്.. പേര് മറന്നിട്ടില്ലല്ലോ അല്ലെ. ഒരുകാലത്ത് ഇടുക്കിയെ മൊത്തം വിറപ്പിച്ച അരിക്കൊമ്പനെ എങ്ങനെ മറക്കാനാണ്. അന്ന് അരിയായിരുന്നു കൊമ്പന് ഇഷ്ടഭക്ഷണം. റേഷന്കടകളാണല്ലോ അരിക്കൊമ്പന്റെ ഇഷ്ട്ടപ്പെട്ട കേന്ദ്രവും. ഇപ്പോള്‍ അതൊക്കെ മാറി. പുതിയ ഡയറ്റിലാണ് കക്ഷി ഇപ്പോള്‍. പ്രകൃതിദത്ത വിഭവങ്ങളാണ് മെയിന്‍. ഇവയൊക്കെ കഴിച്ച് അരിക്കൊമ്പന് ശാന്തനായി തുടരുന്നുണ്ടെന്നാണ് തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരും വിശദമാക്കുന്നത്.
മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വ് ഡയറക്ടറാണ് അരിക്കൊമ്പന്റെ പുതിയ ഡയറ്റിന്റെ കാര്യം വിശദമാക്കിയിരിക്കുന്നത്. ഇലകളും പുല്ലുകളും കഴിച്ച് കൊമ്പന് ഹാപ്പിയാണെന്നും ഇഷ്ട ഭക്ഷണമായിരുന്ന അരിക്ക് വേണ്ടി ഇപ്പോള്‍ കൊമ്പന് പരാക്രമം കാണിക്കാറില്ലെന്നും ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നു. അതേസമയം അരിക്കൊമ്പന് അരങ്ങൊഴിഞ്ഞിട്ടും ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ കാട്ടാന ശല്യത്തിന് കാര്യമായ കുറവൊന്നുമുണ്ടായിട്ടില്ല.