CMDRF

അരികൊമ്പന്‍ ആരോഗ്യവാനായി തന്നെ തുടരുന്നു

അരികൊമ്പന്‍ ആരോഗ്യവാനായി തന്നെ തുടരുന്നു
അരികൊമ്പന്‍ ആരോഗ്യവാനായി തന്നെ തുടരുന്നു

ചെന്നൈ: അരിക്കൊമ്പന്‍ ആരോഗ്യവാനായി തുടരുന്നുവെന്ന് തമിഴ്നാട് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്ററും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ശ്രീനിവാസ് റെഡ്ഡി ഐഎഫ്എസ് മാധ്യമങ്ങളോട് പ്രതികരിച്ചു. തിരുനെല്‍വേലി ജില്ലയിലെ കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ തുടരുന്ന അരിക്കൊമ്പന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു. അരിക്കൊമ്പന്റെ ആരോഗ്യത്തെ സംബന്ധിച്ചു വ്യാജ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനിടെയാണു തമിഴ്നാട് വനം വകുപ്പ് മേധാവി തന്നെ വിഷയത്തില്‍ പ്രതികരണവുമായി എത്തിയത്.

അരിക്കൊമ്പനെ സംബന്ധിച്ചു മറ്റൊരു ആശങ്കയായിരുന്നു പുതിയ ആനക്കൂട്ടത്തിനൊപ്പം ഇണങ്ങുന്നില്ല എന്നത്. എന്നാല്‍ അതിലും ഇപ്പോള്‍ മാറ്റം വന്നതായാണു വനം വകുപ്പ് മേധാവി പറയുന്നത്. പുതിയ ആനക്കൂട്ടത്തിനൊപ്പം അവൻ ഇണങ്ങിക്കഴിഞ്ഞുവെന്നും, അപ്പർ കോതയാർ ഡാം പരിസരത്തും റിസർവ് വനത്തിലുമായി അരിക്കൊമ്പൻ തുടരുകയാണെന്നും,പുതിയ സ്‌ഥലം അവന് ഇപ്പോൾ ഏറെ പരിചിതമായെന്നും ശ്രീനിവാസ് റെഡ്‌ഡി പറഞ്ഞു. സുരക്ഷാ പ്രശ്നങ്ങള്‍ കാരണമാണു കൊമ്പന്റെ ചിത്രങ്ങള്‍ പുറത്തുവിടാത്തതെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ജനുവരിയിലാണ് ഏറ്റവും ഒടുവില്‍ അരിക്കൊമ്പന്റെ വിവരങ്ങള്‍ തമിഴ്നാട് വനംവകുപ്പ് പുറത്തുവിട്ടത്. കൊമ്പന്റെ റൂട്ട് മാപ്പും റേഡിയോ കോളറില്‍നിന്നുള്ള സിഗ്‌നല്‍ വിവരങ്ങളുമാണ് അതില്‍ ഉണ്ടായിരുന്നത്. കമ്പം ടൗണില്‍ ഇറങ്ങി പരിഭ്രാന്തി പരത്തിയ കൊമ്പനെ കഴിഞ്ഞ വര്‍ഷം ജൂണ്‍ 5നാണ് തെക്കന്‍ തമിഴ്‌നാട്ടിലെ തിരുനെല്‍വേലിക്കു സമീപം കളക്കാട് മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വില്‍ തുറന്നു വിട്ടത്.

Top