ചുരുങ്ങിയ കാലയളവിനുള്ളിൽ പ്രേക്ഷകരുടെ ഇഷ്ട താരമായ് മാറിയ യുവ നടന്മാരിലൊരാളാണ് അർജ്ജുൻ അശോകൻ. ഹരിശ്രീ അശോകന്റെ മകൻ എന്ന ലേബലോടെയാണ് അർജ്ജുൻ വെള്ളിത്തിരയിലേക്ക് കടന്നുവന്നതെങ്കിലും തന്റെ കഥാപാത്രങ്ങളെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചുകൊണ്ടാണ് പ്രേക്ഷക ഹൃദയങ്ങളിൽ തരാം ഇടം പിടിച്ചത്.
2012-ൽ പുറത്തിറങ്ങിയ ‘ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട്’ എന്ന ചിത്രത്തിലെ ഗണേശൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അർജ്ജുൻ അശോകൻ തന്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. വരത്തൻ, മന്ദാരം, സ്റ്റാൻഡ് അപ്പ്, അണ്ടർ വേൾഡ്, വോൾഫ്, ജാൻ എ മൻ, അജഗജാന്തരം, തട്ടാശ്ശേരു കൂട്ടം, ചാവേർ, തീപ്പൊരി ബെന്നി, ത്രിശങ്കു, സൂപ്പർ ശരണ്യ, പ്രണയവിലാസം തുടങ്ങി വ്യത്യസ്തമായ സിനിമകളിൽ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും ‘പറവ’യിലെ ഹക്കീം, ‘ബി ടെക്’ലെ ആസാദ് മുഹമ്മദ്, ‘രോമാഞ്ചം’ത്തിലെ സിനു സോളമൻ, ‘ഭ്രമയുഗം’ത്തിലെ തേവൻ, തുടങ്ങിയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ ഇന്റസ്ട്രിയിലും പ്രേക്ഷക ഹൃദയങ്ങളിലും തന്റെ സ്ഥാനം ഊട്ടിയുറപ്പിക്കുകയായിരുന്നു.
Also Read: ചേലക്കരയിൽ ഇനിയും വികസനം വേണമെന്ന് സംവിധായകൻ ലാൽ ജോസ്
നവംബർ 15ന് റിലീസിനൊരുങ്ങുന്ന ‘ആനന്ദ് ശ്രീബാല’ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ്. ലോ കോളേജ് വിദ്യാർത്ഥിയായ മെറിന്റെ മരണവും അതിനോടനുബന്ധിച്ചുള്ള പൊലീസിന്റെ അന്വേഷണവുമാണ് ചിത്രത്തിൽ ദൃശ്യാവിഷ്കരിക്കുന്നത്. ഇത് യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയാണ് എന്ന് അണിയറ പ്രവർത്തകർ നേരത്തേ അറിയിച്ചിരുന്നു. ‘ബേസ്ഡ് ഓൺ ട്രു ഇവന്റ്’ എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിന്റെ ട്രെയിലർ ആരംഭിക്കുന്നത്. കേരള പൊലീസിനെ വട്ടംകറക്കിയ ആ ക്രൈം ഏതാണെന്നറിയാനുള്ള അതിയായ ആകാംക്ഷയിലാണ് പ്രേക്ഷകർ.
റൊമാൻസ്, കോമഡി, നായകൻ, പ്രതിനായകൻ, കാമുകൻ എന്നിങ്ങനെ പലതരത്തിലുള്ള കഥാപാത്രങ്ങൾ അർജ്ജുൻ ഇതിനോടകം കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും പൊലീസ് വേഷത്തിൽ എത്തുന്നത് ആദ്യമായാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ആനന്ദ് ശ്രീബാലയെയാണ് അർജ്ജുൻ അശോകൻ അവതരിപ്പിക്കുന്നത്. കാവ്യ ഫിലിം കമ്പനി,ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ പ്രിയ വേണുവും നീതാ പിന്റോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.