ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായി വീണ്ടും തെരച്ചിൽ. ഗംഗാവലി പുഴയിൽ മാർക്ക് ചെയ്ത സ്ഥലത്ത് നേവി വീണ്ടും സോണാർ പരിശോധന നടത്തി. ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥാനം മാറിയോ എന്ന് കണ്ടെത്താനാണ് പരിശോധന നടത്തിയത്. പുഴയിലെ അടിയൊഴുക്കും നേവി പരിശോധിച്ചു. ലോറിയുണ്ടെന്ന് കരുതപ്പെടുന്ന ഗംഗാവലി പുഴയിലെ നിലവിലെ അടിയൊഴുക്ക് 4 നോട്സാണ്.
അതേ സമയം, അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഡ്രെഡ്ജിംഗ് തുടങ്ങണമെന്ന ആവശ്യവുമായി കേരള നേതാക്കൾ കർണാടക മുഖ്യമന്ത്രിയെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്. എംകെ രാഘവൻ എംപി, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ്, കാർവാർ എംഎൽഎ സതീശ് സെയ്ൽ, അർജുൻ്റെ ബന്ധുക്കൾ എന്നിവരാണ് 28 ന് കർണാടക മുഖ്യമന്ത്രിയെ കാണുക. കർണാടക ഡെപ്യൂട്ടി മുഖ്യമന്ത്രിയേയും സംഘം കാണും. ഡ്രെസ്ജിംഗ് മെഷീൻ കൊണ്ട് വന്ന് തെരച്ചിൽ പുനരാരംഭിക്കണം എന്നാണ് നേതാക്കളുടെ ആവശ്യം. ഡ്രെഡ്ജർ കൊണ്ടുവരാൻ 96 ലക്ഷം രൂപ ചെലവാകുമെന്ന് കാണിച്ച് ഉത്തര കന്നഡ ജില്ലാ കളക്ടർ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ചിരുന്നു.
Also Read: മുകേഷ് തുടരുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാർ: ഷാജി എൻ. കരുൺ