കോഴിക്കോട്: ഷിരൂരിൽ കാണാതായ അർജനായുള്ള തെരച്ചിൽ നിർത്തരുതെന്ന് അർജുൻ്റെ കുടുംബം. ഒരു കാരണവശാലും തെരച്ചിൽ നിർത്തരുതെന്ന് അർജുന്റെ സഹോദരി അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തെരച്ചിൽ തുടരണം.
പെട്ടെന്ന് തെരച്ചിൽ നിർത്തുക എന്നത് ഉൾക്കൊള്ളാൻ പറ്റുന്നില്ല. സംസ്ഥാന സർക്കാരും കർണാടക സർക്കാരും ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും സഹോദരി പറഞ്ഞു. അർജുനെ മാത്രമല്ല, ബാക്കി രണ്ട് പേരെ കൂടി കണ്ടെത്തേണ്ടതുണ്ട്. അവർക്കായി തെരച്ചിൽ തുടരണം. അവർ ഇപ്പോൾ പിൻ പിൻവാങ്ങിയതിൽ ഒരു അനിശ്ചിതത്വം ഉണ്ട്. എത്ര കാലത്തേക്ക് എന്നറിയില്ല.
കാലവസ്ഥ കൊണ്ടുള്ള പ്രശ്നങ്ങൾ മറികടക്കാനുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് തെരച്ചിൽ തുടരണം. മുൻപ് ലോറി കണ്ടെത്തിയിരുന്നു എന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അതിനെക്കുറിച്ച് ആരും പറയുന്നില്ല. അതിൽ വിഷമം ഉണ്ടെന്നും സഹോദരി പറഞ്ഞു. എല്ലാവരുടേയും പിന്തുണയും സാന്നിധ്യവും ഉണ്ടായിരുന്നത് ഇനിയും വേണമെന്നും അർജുൻ്റെ കുടുംബം പറഞ്ഞു.
13 ദിവസമായിട്ടും അർജുൻ എവിടെയാണെന്ന് അമ്മ ചോദിക്കുകയാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും സഹോദരി കൂട്ടിച്ചേർത്തു. അതിനിടെ, അർജുനെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ തുടരുമെന്ന് കർണാടക സർക്കാർ അറിയിച്ചു. കേരള- കർണാടക മുഖ്യമന്ത്രിമാർ ഫോണിൽ സംസാരിച്ചതിനെ തുടർന്നാണ് തെരച്ചിൽ തുടരാനുള്ള തീരുമാനം.