അര്‍ജുനായി പതിമൂന്നാം നാള്‍: ഗംഗാവലി പുഴയിലെ തെരച്ചില്‍ ഏറെ അപകടകരമെന്ന് ഈശ്വര്‍ മല്‍പെ

ഷിരൂര്‍ (കര്‍ണാടക): ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ ദുഷ്‌കരമാക്കി പതിമൂന്നാം ദിവസവും ഷിരൂരില്‍ കനത്ത മഴ. ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി സംഘം ഇന്നും പുഴയിലറങ്ങും. ഗംഗാവലി അപകടം നിറഞ്ഞ നദിയെന്നും ഇങ്ങനൊരു ദൗത്യം ആദ്യമെന്നും ഈശ്വര്‍ മാല്‍പെ മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം റിസ്‌കിലാണ് പുഴയില്‍ ഇറങ്ങുന്നത്.ഇതുവരെ ട്രക്ക് കാണാനായിട്ടില്ല. ഇന്ന് വീണ്ടും മുങ്ങി ട്രക്ക് കണ്ടെത്താന്‍ ശ്രമിക്കും. ലോഹ സാന്നിധ്യം കണ്ട നാലിടത്തും തിരച്ചില്‍ നടത്തും.

ഏറെ അപകടം നിറഞ്ഞ നദിയാണ് ഗംഗാവലി.അടിയൊഴുക്ക് ശക്തമാണ്. മുങ്ങുമ്പോള്‍ ഒന്നും കാണാനാകുന്നില്ല. കണ്ണ് കെട്ടി ഇറങ്ങുന്നതുപോലെയാണ്. സ്വന്തം റിസ്‌കിലാണ് ഇറങ്ങുന്നതെന്ന് എഴുതി നല്‍കിയാണ് ഇറങ്ങിയത്. ഇതുവരെ തകരഷീറ്റുകളും തടികളും വൈദ്യുതി കമ്പികളുമാണ് കണ്ടതെന്ന് ഈശ്വര്‍ മല്‍പെ പറഞ്ഞു. അതേസമയം, പ്രതികൂല കാലാവസ്ഥ എന്ന് പറഞ്ഞ് രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നും പിന്നോട്ട് പോകുന്നതിനോട് സംസ്ഥാന സര്‍ക്കാരിന് യോജിപ്പില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട് പറഞ്ഞു.

എടുത്ത തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകുകയാണ്. മീറ്റിങ്ങില്‍ ഒരു കാര്യം പറയുകയും പിറ്റേന്ന് അതില്‍ നിന്നും പുറകോട്ട് പോകുന്നതും ശരിയല്ല.പാന്‍ടൂണ്‍ കൊണ്ടു വരുന്ന കാര്യത്തില്‍ വൈകിട്ട് എടുത്ത തീരുമാനം പിറ്റേന്ന് രാവിലെ മാറ്റി. അതില്‍ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.നിലവിലുള്ള കൂടുതല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തണം. നേവല്‍ ബേസിന്‍ സംവിധാനത്തിലെ കൂടുതല്‍ സാധ്യതകള്‍ ഉണ്ട്. കര്‍ണാടക മന്ത്രിമാര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യണം. രക്ഷാപ്രവര്‍ത്തനത്തിന്റെ വിവരങ്ങള്‍ കുടുംബത്തെ അറിയിക്കണമെന്നും പക്ഷേ അങ്ങനെ ഉണ്ടാകുന്നില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.യോഗത്തിലെടുത്ത തീരുമാനങ്ങള്‍ മാറ്റുന്നതില്‍ സംസ്ഥാനം അതൃപ്തി അറിയിച്ചിട്ടുണ്ട്. കാലാവസ്ഥ പ്രതിസന്ധിയാകുന്നു, ജങ്കാര്‍ ഫെറി കൊണ്ട് വരുന്നതാണ് ഉചിതമെന്ന് മേജര്‍ ഇന്ദ്രബാലന്‍ അഭിപ്രായപ്പെട്ടു.

Top