കോഴിക്കോട്: കർണാടകയിലെ രക്ഷാപ്രവർത്തകരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും തിരച്ചിലിന് സൈന്യത്തെ വിളിക്കണമെന്നും ഷിരൂരിലെ മണ്ണിടിച്ചിലിൽ ലോറിയോടൊപ്പം ഭൂമിക്കടിയിലായ അർജുന്റെ കുടുംബം. രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്. കേരളത്തിൽനിന്നുള്ള രക്ഷാസംഘത്തിന് തിരച്ചിൽ നടത്താൻ കർണാടക അധികൃതർ അനുവാദം നൽകണം. മണ്ണിനടിയിൽ കുടുങ്ങിയ എല്ലാവരുടെയും കുടുംബത്തിന് നീതി ലഭിക്കണമെന്നും അർജുന്റെ കുടുംബം ആവശ്യപ്പെട്ടു.
‘‘ ഞങ്ങൾക്ക് മകനെ കിട്ടണം. അവിടുത്തെ സംവിധാനങ്ങളിൽ വിശ്വാസം കുറഞ്ഞു. ഇപ്പോൾ ഞങ്ങൾക്ക് ഭയമുണ്ട്. ലോറിയുടമയെ കർണാടക പൊലീസ് കയ്യേറ്റം ചെയ്തതായി വാർത്തയിൽ കണ്ടു. രക്ഷാപ്രവർത്തനത്തിന്റെ മന്ദഗതി കാണുമ്പോൾ മനസിൽ വല്ലാത്ത അവസ്ഥയാണ്. മോന്റെ അവസ്ഥ എന്താണെന്നു മനസിലാകുന്നില്ല. ജീവനുണ്ടോയെന്നു പോലും മനസിലാകുന്നില്ല. എത്രയും പെട്ടെന്ന് രക്ഷാപ്രവർത്തനം നടത്തണം. എത്രയോപേർ മണ്ണിൽ കുടുങ്ങിക്കിടക്കുന്നു. അവരുടെ കുടുംബങ്ങൾക്കെല്ലാം നീതി ലഭിക്കണം.’’–അർജുന്റെ അമ്മ ഷീല പറഞ്ഞു.
‘‘ മണ്ണിനടിയിൽപ്പെട്ടാൽ പേടിക്കും. വിഷമം കുടുംബത്തെ അറിയിക്കാനാകാത്ത അവസ്ഥയുണ്ടാകും. അബോധാവസ്ഥയിൽ ആകുന്നതുവരെ രക്ഷിക്കാൻ ആരെങ്കിലും വരും എന്നു ചിന്തിക്കും. ഇതെല്ലാം രക്ഷാപ്രവർത്തകർക്കും അറിയാവുന്നതാണ്. രണ്ടു ദിവസം ഉദ്യോഗസ്ഥരെ വിശ്വസിച്ചു. പിന്നീടാണ് എംപിയുമായും കേരള സർക്കാർ പ്രതിനിധികളുമായും സംസാരിച്ചത്. അതിനുശേഷമാണ് തിരച്ചിലിന് ഊർജം വന്നതെന്നാണ് പറയുന്നത്.
എന്നാൽ അവിടെ ഒന്നും സംഭവിക്കുന്നില്ല. മോന്‍ കുടുങ്ങി എന്നു പറയുന്ന സ്ഥലത്ത് എത്രയോ ട്രക്കുകാർ വിശ്രമിക്കുന്ന സ്ഥലമാണ്. നിരവധിപേർ അപകടത്തിൽപ്പെട്ടിട്ടും കർണാടക അധികൃതർ ശ്രദ്ധിച്ചില്ല. മണ്ണ് പത്ത് മീറ്ററോളം ഉയരത്തിൽ അവിടെ കുന്നായി കിടക്കുന്നുണ്ട്. മോനു വേണ്ടിയുള്ള തിരച്ചിലില്‍ വേറെയും വാഹനങ്ങളും മൃതദേഹങ്ങളും കിട്ടുന്നുണ്ട്. എത്ര വണ്ടി കിട്ടിയെന്ന് പുറംലോകം അറിയണം’’–ഷീല പറഞ്ഞു.
തിരച്ചിലിനായി സൈന്യത്തെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും മെയില്‍ അയച്ചതായി കുടുംബം പറഞ്ഞു. കന്യാകുമാരി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽ പെട്ടത്. ചൊവ്വാഴ്ച രാവിലെ 8.30ന് ആയിരുന്നു അപകടം. മലപ്പുറം എടവണ്ണപ്പാറയിലേക്ക് തടിയുമായി വരികയായിരുന്നു.