കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനിടയിൽ കാണാതായ
അർജുന് വേണ്ടിയുള്ള തിരച്ചിലിനായി സൈന്യമെത്തി. മേജർ അഭിഷേകിന്‍റെ നേതൃത്വത്തിലുള്ള 40 അംഗ സെെന്യമാണ് ഷിരൂരിലെത്തിയത്. ബല്‍ഗാമില്‍ നിന്നും പുറപ്പെട്ട ആര്‍മി സംഘമാണ് സ്ഥലത്തെത്തിയത്. രാവിലെ പതിനൊന്നു മണിയോടെ എത്തുമെന്നാണ് അറിയിച്ചിരുന്നെങ്കിലും മൂന്നു മണിക്കൂറോളം വൈകി. അപകടസ്ഥലത്തേക്ക് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും എത്തിയിട്ടുണ്ട്.
ഇന്നത്തെ രക്ഷാദൗത്യം തെരച്ചിൽ ഗംഗാവാലി പുഴയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി ഷിരൂരിൽ മഴ പെയ്യാൻ തുടങ്ങിയിട്ടുണ്ട്. റഡാറിൽ ലോഹഭാഗം തെളിഞ്ഞ സ്ഥലത്താണ് മണ്ണ് മാറ്റി പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ നാവിക സേന, ദേശീയ – സംസ്ഥാന ദുരന്ത നിവാരണ സേനകൾ, തീരസംരക്ഷണം സേന, അഗ്നിരക്ഷാസേന, പൊലീസ് എന്നിവരാണ് പരിശോധന നടത്തുന്നത്.
അതിനിടെ അർജുന്റെ ജീവൻ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ കുടുംബം ഹർജി ഫയൽ ചെയ്തു. അർജുന്റെ ജീവൻ രക്ഷിക്കാനുള്ള നടപടികൾ എടുക്കാൻ കേന്ദ്ര സർക്കാരിനും കേരള–കർണാടക സർക്കാരുകൾക്കും നിർദേശം നൽകണമെന്നാണ് ഹർജി.