CMDRF

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ച് ആഴ്‌സണല്‍

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ച് ആഴ്‌സണല്‍
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ച് ആഴ്‌സണല്‍

കാലിഫോര്‍ണിയ: ക്ലബ് ഫുട്‌ബോള്‍ സൗഹൃദ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ച് ആഴ്‌സണല്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ആഴ്‌സണലിന്റെ വിജയം. ഗബ്രിയേല്‍ ജീസസും ഗബ്രിയേല്‍ മാര്‍ട്ടിനലിയും ഗണ്ണേഴ്‌സിനായി ഗോളുകള്‍ നേടി. റാസ്മസ് ഹോയ്ലന്‍ഡ് മാഞ്ച്‌സറ്റര്‍ യുണൈറ്റഡിനായി വലകുലുക്കി.

മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത് മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ്. 10-ാം മിനിറ്റില്‍ തന്നെ റെഡ് ഡെവിള്‍സിനായി ഹോയ്ലന്‍ഡ് വലകുലുക്കി. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് നല്‍കിയ പാസുമായി മുന്നേറിയ ഹോയ്‌ലന്‍ഡിന്റെ ഇടംകാല്‍ ഷോട്ട് ആഴ്‌സണല്‍ ഗോള്‍കീപ്പറെ മറികടന്ന് വലയിലെത്തി. എന്നാല്‍ തൊട്ടുപിന്നാലെ താരം പരിക്കേറ്റ് മടങ്ങിയത് യുണൈറ്റഡിന് തിരിച്ചടിയായി.

26-ാം മിനിറ്റില്‍ ആഴ്‌സണല്‍ ഒപ്പമെത്തി. ഗബ്രിയേല്‍ ജീസസ് ആണ് ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതിരോധ താരം ലെനി യോരോയും പരിക്കേറ്റ് പുറത്തായി. പിന്നാലെ ആദ്യ പകുതിയില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു. രണ്ടാം പകുതിയില്‍ ആഴ്‌സണല്‍ കൂടുതല്‍ മുന്നേറ്റം കാഴ്ചവെച്ചു. 81-ാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനലിയുടെ ഗോളും പിറന്നു. പിന്നാലെ നിശ്ചിത സമയം പൂര്‍ത്തിയായപ്പോള്‍ മത്സരവും ആഴ്‌സണല്‍ സ്വന്തമാക്കി. പിന്നാലെ ഇരുടീമുകളും പെനാല്‍റ്റി ഷൂട്ടൗട്ടും നടത്തി. ഇവിടെ 4-3ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡും വിജയിച്ചു.

ഷൂട്ടൗട്ടില്‍ ആഴ്‌സണലിനായി ഫാബിയോ വിയേര, ഗബ്രിയേല്‍ മാര്‍ട്ടിനലി, ഗബ്രിയേല്‍ ജീസസ് എന്നിവര്‍ ലക്ഷ്യം കണ്ടു. കയ് ഹവെര്‍ട്‌സ്, ജാക്കൂബ് കിവിയോര്‍ എന്നിവര്‍ പെനാല്‍റ്റി കിക്കുകള്‍ പാഴാക്കി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി സ്‌കോട് മക്ടോമിനേ, ജോണി ഇവാന്‍സ്, ക്രിസ്റ്റ്യന്‍ എറിക്‌സണ്‍, ജേഡന്‍ സാഞ്ചോ എന്നിവര്‍ പെനാല്‍റ്റി കിക്കുകള്‍ വലയിലാക്കി.

Top