കായംകുളം∙ വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യണമെന്ന അഭ്യര്‍ഥനക്കെതിരെ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റില്‍. കായംകുളം പെരിങ്ങാല ധ്വനി വീട്ടില്‍ അരുണ്‍ (40) ആണ് അറസ്റ്റിലായത്.
ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട വ്യാജ പ്രചരണത്തില്‍ സംസ്ഥാന വ്യാപകമായി 14 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള 194 പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിനു നിയമപ്രകാരമുള്ള നോട്ടിസ് നല്‍കുകയും ചെയ്തിട്ടുണ്ട്.
ദുരിതാശ്വാസ നിധിക്കെതിരെയുള്ള വ്യാജ പ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിനു സമൂഹമാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പോസ്റ്റുകള്‍ നിര്‍മിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു.
തിരുവനന്തപുരം സിറ്റിയിൽ നാലും എറണാകുളം സിറ്റിയിലും പാലക്കാടും രണ്ടു വീതവും കൊല്ലം നഗരം, എറണാകുളം റൂറല്‍, തൃശൂര്‍ സിറ്റി, മലപ്പുറം, വയനാട്, തിരുവനന്തപുരം റൂറല്‍ എന്നിവിടങ്ങളില്‍ ഒന്നു വീതവും കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്.