ഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച് ജയില്‍ മോചിതനായ ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി ഹനുമാന്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് പ്രവര്‍ത്തകരെ അരവിന്ദ് കെജ്രിവാള്‍ അഭിസംബോധന ചെയ്തത്. ‘ഭാരത് മാതാ കി’ വിളിച്ചുകൊണ്ടായിരുന്നു പ്രസംഗം ആരംഭിച്ചത്. എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും 50 ദിവസത്തിന് ശേഷം തിരിച്ചെത്താനായതില്‍ സന്തോഷമെന്നും കെജ്രിവാള്‍ പറഞ്ഞു.
ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കെജ്രിവാള്‍ രൂക്ഷമായി വിമര്‍ശിച്ചു. നേതാക്കന്മാരെ ജയില്‍ അടച്ച് ആംആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. പാര്‍ട്ടിയുടെ 4 നേതാക്കളെ ജയിലില്‍ അടച്ചു. എത്ര ഇല്ലാതാക്കാന്‍ ശ്രമിക്കുന്നോ അത്രയും വളരുന്ന പാര്‍ട്ടിയാണ് ആം ആദ്മിയെന്ന് കെജ്രിവാള്‍ പറഞ്ഞു. 10 വര്‍ഷം പഴക്കമുള്ള പാര്‍ട്ടിയെ ഇല്ലാതാക്കാനുള്ള ഒരു അവസരവും മോദി പാഴാക്കുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. വരുംകാലത്ത് ആം ആദ്മി പാര്‍ട്ടി ബിജെപിക്ക് വെല്ലുവിളിയാകുമെന്ന് അവര്‍ക്കറിയാമെന്ന് കെജ്രിവാള്‍ പറഞ്ഞു.
അഴിമതിക്കെതിരെയാണ് പോരാട്ടം എന്നാണ് പ്രധാനമന്ത്രി പറയുന്നത്, എന്നാല്‍ എല്ലാ അഴിമതിക്കാരും ബിജെപിയിലാണെന്ന് കെജ്രിവാള്‍ പരിഹസിച്ചു. തന്നെ ജയിലില്‍ അടച്ച് മോദി ഒരു സന്ദേശം നല്‍കുന്നു. കെജ്രിവാളിനെ ജയിലില്‍ അടച്ചതിലൂടെ ആരെ വേണമെങ്കിലും ജയിലില്‍ അടയ്ക്കാം എന്ന സന്ദേശമാണ് മോദി നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാജ്യം ഒരു നേതാവ് എന്നാണ് മോദിയുടെ ആശയമെന്നും എല്ലാ നേതാക്കന്മാരെയും ഇല്ലാതാക്കാന്‍ ആണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ കേരളത്തിലെ മുഖ്യമന്ത്രിയുടെ പിന്നാലെയാണ്. മമത ബാനര്‍ജിയെയും, തേജസ്വി യാദവിനെയും പിണറായി വിജയനും ഉദ്ദവ് താക്കറയും എല്ലാം ജയിലിനകത്താകുമെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. മനോഹര്‍ലാല്‍ ഘട്ടറിന്റെ അടക്കമുള്ള നേതാക്കളുടെ രാഷ്ട്രീയം മോദി അവസാനിപ്പിച്ചു. അടുത്ത ലക്ഷ്യം യോഗി ആദിത്യനാഥ്. കുറച്ചു ദിവസങ്ങള്‍ക്കകം യോഗി ആദിത്യനാഥിനെ മാറ്റും. മോദി വീണ്ടും ജയിച്ചാല്‍ രണ്ടുമാസത്തിനകം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ മാറ്റുമെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.