ഡല്‍ഹി: സ്വാതി മലിവാള്‍ എംപിയെ മര്‍ദിച്ചെന്ന പരാതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പിഎ ബൈഭവ് കുമാര്‍ അറസ്റ്റില്‍. കെജ്രിവാളിന്റെ വീട്ടില്‍നിന്നാണ് ബൈഭവിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ ബൈഭവ് ഒളിവിലായിരുന്നു.
വീട്ടില്‍ത്തന്നെയുള്ള ഓഫിസ് മുറിയില്‍ ബൈഭവ് ഒളിവില്‍ കഴിയുന്നുവെന്നായിരുന്നു വിവരം. തുടര്‍ന്ന് വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി ബൈഭവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെള്ളിയാഴ്ച മണിക്കൂറുകളോളം തെളിവെടുപ്പിനായി പൊലീസ് കെജ്രിവാളിന്റെ വീട്ടിലുണ്ടായിരുന്നു. മേയ് 13ന് കെജ്രിവാളിനെ കാണാനായി ഔദ്യോഗിക വസതിയിലെത്തിയ തന്നെ ബൈഭവ് കുമാര്‍ ക്രൂരമായി ആക്രമിച്ചെന്നാണ് സ്വാതി മലിവാള്‍ എംപി പരാതി നല്‍കിയത്. സംഭവത്തില്‍ ബൈഭവിനെ സംരക്ഷിക്കുന്ന തരത്തിലും സ്വാതിയെ തള്ളിപ്പറയുന്ന തരത്തിലുമാണ് ആം ആദ്മി പാര്‍ട്ടി നിലപാടെടുത്തത്. സ്വാതിയുടെ ആരോപണത്തിന് പിന്നില്‍ ബിജെപി ആണെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വസതിയില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പാര്‍ട്ടി പുറത്തുവിട്ടിരുന്നു.
അമൃത്സര്‍ വരെ പോയതിന് തെളിവുണ്ടെന്ന് പൊലീസ് പറയുന്നു. ബൈഭവിനെ കണ്ടെത്താനായി നാല് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് പഞ്ചാബില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ലഭിച്ച സൂചനയെത്തുടര്‍ന്നാണ് കെജ്രിവാളിന്റെ വീട്ടില്‍ പരിശോധന നടത്തിയത്.