ചണ്ഡീഗഡ്: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയില്‍ പ്രചാരണം ശക്തമാക്കാന്‍ ആം ആദ്മി പാര്‍ട്ടി. അരവിന്ദ് കെജ്രിവാള്‍ ഇന്ന് ഹരിയാനയില്‍ എത്തും. കോണ്‍ഗ്രസുമായുള്ള സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ 90 സീറ്റിലും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ അരവിന്ദ് കെജ്രിവാളിന്റെ പ്രധാന ലക്ഷ്യം ഹരിയാന തെരഞ്ഞെടുപ്പിലെ വലിയ വിജയമാണ്. ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹരിയാനയില്‍ എത്തുന്ന കെജ്രിവാള്‍ ജാഗാദ്രിയില്‍ മെഗാ റോഡ് ഷോയില്‍ പങ്കെടുക്കും. 11 ജില്ലകളിലായി ആകെ 13 പ്രചരണ യോഗങ്ങളില്‍ കെജ്രിവാള്‍ പങ്കെടുക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു. അതേസമയം കെജ്രിവാള്‍ ഹരിയാനയില്‍ സജീവമാകുന്നതില്‍ കോണ്‍ഗ്രസ് ക്യാമ്പുകള്‍ ആശങ്കയിലാണ്.
ബിജെപി വിരുദ്ധ വോട്ടുകള്‍ എഎപി ഭിന്നിക്കുമോ എന്നാണ് കോണ്‍ഗ്രസിന്റെ ആശങ്ക. 2019ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രം വോട്ട് വിഹിതം ഉണ്ടായിരുന്ന എഎപി, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ട് വിഹിതം 4 ശതമാനത്തോളം ആക്കി ഉയര്‍ത്തിയിരുന്നു. ഡല്‍ഹി പഞ്ചാബ് അതിര്‍ത്തികളിലെ മണ്ഡലങ്ങളില്‍ എഎപിക്ക് കൂടുതല്‍ സ്വാധീനമുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് ആം ആദ്മി പാര്‍ട്ടി പ്രചാരണവും.