കേരളം ഉപതിരഞ്ഞെടുപ്പ് ചൂടിൽ അമരുമ്പോൾ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളിലെ ആഭ്യന്തര സംഘർഷങ്ങളും ശക്തമാവുകയാണ്. പാലക്കാട് മണ്ഡലത്തിൽ എളുപ്പത്തിൽ വിജയിച്ച് കയറാമെന്ന യു.ഡി.എഫിൻ്റെയും ബി.ജെ.പിയുടെയും പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ പടർത്തുന്ന സംഭവ വികാസങ്ങളാണ് ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നത്. കോൺഗ്രസ്സിലും ബി.ജെ.പിയിലും ഉരുണ്ട് കൂടിയ പ്രശ്നങ്ങൾ വോട്ടെടുപ്പിലും പ്രതിഫലിച്ചാൽ വലിയ രാഷ്ട്രീയ അട്ടിമറിയാണ് പാലക്കാട് സംഭവിക്കുക.
കോൺഗ്രസ്സും ബി.ജെ.പിയും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പ് പ്രതീക്ഷിച്ച ഇടത്തുനിന്നും ശക്തമായ ത്രികോണ മത്സരത്തിലേക്ക് എത്തിക്കാൻ ഇതിനകം തന്നെ ഇടതുപക്ഷത്തിന് സാധിച്ചിട്ടുണ്ട്. കോൺഗ്രസ്സിൽ നിന്നും കൂട് മാറിയെത്തിയ ഡോ. സരിൻ ശക്തമായ പ്രചരണമാണ് മണ്ഡലത്തിൽ നടത്തി കൊണ്ടിരിക്കുന്നത്. ഒട്ടും വീര്യം കുറയാതെ കോൺഗ്രസ്സ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും ബി.ജെ.പി സ്ഥാനാർത്ഥി സി കൃഷ്ണകുമാറും തിരക്കിട്ട പ്രചരണ പ്രവർത്തനത്തിലാണ് ഏർപ്പെട്ടിരിക്കുന്നത്.
ശക്തനായ ഒരു സ്ഥാനാർത്ഥിയെ ലഭിച്ചതാണ് ഇടതുപക്ഷത്തിൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നത്. അതേസമയം, ശത്രു പാളയത്തിലെത്തി വെല്ലുവിളി ഉയർത്തുന്ന ഡോ. സരിനെ കണ്ടാൽ പോലും മിണ്ടാൻ പറ്റാത്ത മാനസികാവസ്ഥയിലാണ് കോൺഗ്രസ്സ് നേതൃത്വമുള്ളത്. യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ എം.പിയും പൊതു വേദിയിൽ വച്ച് ഡോ. സരിനെ കണ്ടപ്പോൾ കൈ കൊടുക്കാതെ പോയത് തന്നെ ആ പാർട്ടിയും മുന്നണിയും ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധി തുറന്ന് കാട്ടുന്നതാണ്.
ബി.ജെ.പിയുടെ അവസ്ഥയും വ്യത്യസ്തമല്ല ശോഭാ സുരേന്ദ്രൻ തിരി കൊളുത്തിയ വിവാദവും സന്ദീപ് വാര്യരുടെ പ്രതികരണങ്ങളും എല്ലാം, ബി.ജെ.പിയെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ ഫോട്ടോഫിനിഷിലാണ് ഷാഫി പറമ്പിൽ വിജയിച്ചിരുന്നത്. കേവലം 3,840 വോട്ടുകൾക്കാണ് അദ്ദേഹം ബി.ജെ.പി സ്ഥാനാർത്ഥി മെട്രോമാൻ ശ്രീധരനെ പരാജയപ്പെടുത്തിയിരുന്നത്. വോട്ടുകളുടെ ഈ നിസാര അകലമാണ് ബി.ജെ.പിയുടെ പ്രതീക്ഷകൾക്ക് ആധാരം.
ഇത്തവണ സി കൃഷ്ണകുമാറിലൂടെ വിജയം ഉറപ്പിച്ച് മുന്നോട്ട് പോയ ബി.ജെ.പിയുടെ പാർട്ടിക്ക് അകത്തെ ഭിന്നതയാണ് പ്രധാനമായും വെല്ലുവിളി ഉയർത്തുന്നത്. കൊടകര കള്ളപ്പണ കേസ് വീണ്ടും സജീവമായതും ബിജെപിക്ക് തിരിച്ചടിയാണ്. ശോഭ സുരേന്ദ്രന്റെ അറിവോടെയാണ് കുഴൽപ്പണക്കേസിലെ വിവരങ്ങൾ താൻ പുറത്തുവിട്ടതെന്നാണ് മുൻ ബി.ജെ.പി ഓഫീസ് സെക്രട്ടറിയായ തിരൂർ സതീശ് പറയുന്നത്.
കോടതിയിൽ താൻ കൃത്യമായ കാര്യങ്ങൾ പറയുമെന്ന് ശോഭ സുരേന്ദ്രനോട് സൂചിപ്പിച്ചപ്പോൾ അറിയാവുന്ന കാര്യങ്ങൾ വെളിപ്പെടുത്താൻ അവർ പറഞ്ഞതായാണ് തിരൂർ സതീശ് പറയുന്നത്. സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്ന നവംബർ ഡിസംബർ മാസങ്ങളിൽ ഇക്കാര്യം പുറത്തുവിട്ടാൽ തനിക്ക് സംസ്ഥാന പ്രസിഡന്റാകാൻ വഴിയൊരുങ്ങുമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞതായും മുൻ ഓഫീസ് സെക്രട്ടറി ആരോപിച്ചിട്ടുണ്ട്. എന്നാൽ ഈ ആരോപണങളെ എല്ലാം തന്നെ തള്ളിക്കളഞ്ഞ ശോഭാ സുരേന്ദ്രൻ വിവാദത്തിന് പിന്നിൽ പ്രമുഖ ചാനൽ ഉടമയാണെന്നാണ് ആരോപിച്ചിരിക്കുന്നത്.
തിരൂർ സതീശൻ്റെ വീട്ടിൽ പോയിട്ടില്ലെന്ന ശോഭാ സുരേന്ദ്രൻ്റെ വാദം പൊളിക്കാൻ ശോഭ സുരേന്ദ്രൻ സതീശൻ്റെ കുടുംബാംഗങ്ങളുമായി നിൽക്കുന്ന ഫോട്ടോയും തിരൂർ സതീശ് പുറത്ത് വിട്ടിട്ടുണ്ട്. എന്നാൽ ഈ ഫോട്ടോ തൻ്റെ സഹോദരിയുടെ വീട്ടിൽവച്ചെടുത്ത പഴയ ഫോട്ടോ ആണെന്നാണ് ശോഭ സുരേന്ദൻ പറയുന്നത്. ഇതിനിടെ, കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശം നൽകിയതിനാൽ അന്വേഷണം കടുപ്പിക്കാനാണ് സർക്കാർ നിക്കം നടത്തുന്നത്. ഇതിൻ്റെ ഭാഗമായി പുതിയ അന്വേഷണ സംഘം തിരൂർ സതീഷിൻ്റെ മൊഴി രേഖപ്പെടുത്തും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്ത് പലയിടങ്ങളിലായി ബിജെപിക്കായി ഹവാലപ്പണം എത്തിച്ചെന്ന അന്നത്തെ ഇടനിലക്കാരൻറെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഹവാല ഇടപാടിലൂടെ എത്തിയ 41 കോടി 40 ലക്ഷം രൂപ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ബിജെപിക്കായി വിതരണം ചെയ്തെന്നാണ് ഇടനിലക്കാരനായ ധർമരാജൻറെ മൊഴിയിൽ ഉളളത്. ഒരു കോടി നാൽപത് ലക്ഷമാണ് കണ്ണൂരിൽ നൽകിയത്. കോഴിക്കോട് മേഖലാ സെക്രട്ടറിക്ക് കൈമാറിയത് ഒന്നരക്കോടിയാണ്.
തൃശൂരിൽ പന്ത്രണ്ട് കോടി എത്തിയതായാണ് വെളിപ്പെടുത്തൽ. ആലപ്പുഴയിൽ ഒരു കോടി നൽകി. പത്ത് കോടിയിലേറെയാണ് തിരുവനന്തപുരത്ത് നൽകിയതെന്നും ഈ മൊഴിയിലുണ്ട്. ഇതെല്ലാം വീണ്ടും അന്വേഷിക്കപ്പെടുന്നതോടെ ബി.ജെ.പി സംസ്ഥാന നേതൃത്വം മാത്രമല്ല ദേശീയ നേതൃത്വവും വെട്ടിലാകും. കർണ്ണാടകയിൽ നിന്നാണ് പണം വന്നതെന്നതും ഇതിന് പിന്നിലെ ഉന്നത ബി.ജെ.പി നേതാവിൻ്റെ ബന്ധവും എല്ലാം വീണ്ടും വാർത്തകളിൽ നിറയുമ്പോൾ അത് പാലക്കാട് തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ എതിരാളികൾ കണക്ക് കൂട്ടുന്നത്.
ഇതിനു പിന്നാലെയാണിപ്പോൾ സന്ദീപ് വാര്യരും, ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് വഴി പാലക്കാട്ടെ ബി.ജെ.പി സ്ഥാനാർത്ഥിയെ പ്രഹരിച്ചിരിക്കുന്നത്. പാലക്കാട് പ്രചരണത്തിന് പോകില്ലെന്നും അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ലെന്നുമാണ് സന്ദീപ് വാര്യർ തുറന്നടിച്ചിരിക്കുന്നത്. മാനസികമായി കടുത്ത സമ്മർദ്ദത്തിൽ ആണ് താനെന്നും മനുഷ്യൻറെ ആത്മാഭിമാനം പരമപ്രധാനമാണെന്നും ചൂണ്ടിക്കാട്ടിയ സന്ദീപ് വാര്യർ ഒരു പരിപാടിയിൽ മാത്രം സംഭവിച്ച അപമാനം അല്ല തനിക്കുള്ളതെന്നും നിരവധി സംഭവങ്ങൾ തുടർച്ചയായി ഉണ്ടായിട്ടുണ്ടെന്നും തുറന്നടിച്ചിട്ടുണ്ട്.
“തൻറെ അമ്മ മരിച്ചപ്പോൾ പോലും സി കൃഷ്ണകുമാർ വീട്ടിൽ വന്നിട്ടില്ല. ഫോണിൽ പോലും വിളിച്ചിട്ടില്ലെന്നും വ്യക്തമാക്കിയ സന്ദീപ് വാര്യർ യുവമോർച്ചകാലം മുതൽ ഒന്നിച്ചു പ്രവർത്തിച്ചു എന്ന കൃഷ്ണകുമാറിൻ്റെ വാദങ്ങളും തള്ളിക്കളഞ്ഞിട്ടുണ്ട്. പാലക്കാട് ബി.ജെ.പി സ്ഥാനാർത്ഥികളായി പരിഗണിക്കപ്പെട്ടവരിൽ ശോഭാ സുരേന്ദ്രനൊപ്പം സന്ദീപ് വാര്യരും ഉണ്ടായിരുന്നു. എന്നാൽ, ഒടുവിൽ നറുക്ക് വീണത് സി.കൃഷ്ണകുമാറിനാണ്. പാലക്കാട് ഉയർത്തിയ, ശോഭ സുരേന്ദ്രൻ്റെ ഫ്ലക്സ് കത്തിക്കുന്നതിലേക്ക് വരെ ബി.ജെ.പിയിലെ ആഭ്യന്തര പ്രശ്നം വളർന്നിരുന്നു. ഈ തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുകയാണെന്ന് ബി.ജെ.പി നേതൃത്വം പറഞ്ഞ ഘട്ടത്തിൽ തന്നെയാണ് പുതിയ വിവാദങ്ങളും പൊട്ടി പുറപ്പെട്ടിരിക്കുന്നത്.
സംസ്ഥാന നിയമസഭയിൽ ഒരു എം.എൽ.എ പോലും ഇല്ലാത്ത പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണെങ്കിൽ അവർ നിയമസഭയിൽ എത്തിയാൽ എന്തായിരിക്കും അവസ്ഥയെന്നാണ് കോൺഗ്രസ്സും സി.പി.എമ്മും ചോദിക്കുന്നത്. ബി.ജെ.പിയുടെ വോട്ട് ബാങ്ക് ചോർത്താൻ പറ്റുമോ എന്നതാണ് ഇരുപാർട്ടികളും നിലവിൽ ശ്രമിക്കുന്നത്. എന്നാൽ, തിരഞ്ഞെടുപ്പിൽ ബിജെപിയെ വിജയിപ്പിച്ച്, ഇതിനുള്ള മറുപടി ജനങ്ങൾ നൽകുമെന്നാണ്, ബി.ജെ.പി നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ബി.ജെ.പിക്ക് പാലക്കാട്ട് തിരിച്ചടി ലഭിച്ചാൽ അത് സംഘടനാ തലത്തിൽ വലിയ പൊട്ടിത്തെറിക്ക് തന്നെ കാരണമാകും.
കൊടകര കുഴൽപ്പണ കേസ് ബി.ജെ.പിയുമായി ചേർന്ന് സി.പി.എം അട്ടിമറിച്ചെന്നാണ്, കോൺഗ്രസ്സ് ആരോപിക്കുന്നത്. എന്നാൽ, ഇ.ഡി അന്വേഷിക്കുന്ന കള്ളപ്പണക്കേസിൽ സംസ്ഥാന പൊലീസിന് പരിമിതി ഉണ്ടെന്നതാണ് സി.പി.എം നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. ബി.ജെ.പി ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ അന്ന് ഉണ്ടായിരുന്നെങ്കിൽ അവരെ പ്രതിചേർക്കുമായിരുന്നു എന്ന് തന്നെയാണ് സി.പി.എം കേന്ദ്രങ്ങൾ വാദിക്കുന്നത്. ഇപ്പോൾ നേരിട്ട് അത്തരമൊരു വെളിപ്പെടുത്തൽ വന്ന സ്ഥിതിക്ക് ഇനി സർക്കാർ സ്വീകരിക്കുന്ന നടപടികൾ കണ്ടോളൂ എന്നതാണ് സി.പി.എമ്മിൻ്റെ വെല്ലുവിളി. പരമാവധി വോട്ടുകൾ ശേഖരിച്ച് വിജയിക്കുക അതല്ലെങ്കിൽ രണ്ടാം സ്ഥാനം പിടിക്കുക എന്നതാണ് പാലക്കാട്ടെ സി.പി.എമ്മിൻ്റെയും ഇടതുപക്ഷത്തിൻ്റെയും സ്ട്രാറ്റജി.
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ പരാജയപ്പെട്ടാൽ കോൺഗ്രസ്സിനും യു.ഡി.എഫിനും അത് ഉണ്ടാക്കുന്ന പ്രത്യാഘാതം ഭീകരമായിരിക്കും. വയനാട്ടിൽ പ്രിയങ്ക വിജയിക്കുന്നതിൻ്റെ പകിട്ട് കൂടി ഈ ഒരൊറ്റ പരാജയം സംഭവിച്ചാൽ നഷ്ടമാകും. അത്തരമൊരു സഹചര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, ഷാഫി പറമ്പിലിനും എതിരെ വലിയ പൊട്ടിത്തെറിക്കും സാധ്യതയുണ്ട്. ബി.ജെ.പിയുമായി ചെറിയ വോട്ട് വ്യത്യാസം മാത്രം ഉള്ള പാലക്കാട് നിന്നും, വടകരയിലേക്ക് ഷാഫി പറമ്പിലിനെ കൊണ്ടു പോകേണ്ട എന്ത് സാഹചര്യമാണ് ഉണ്ടായിരുന്നതെന്ന ചോദ്യം, ഇപ്പോൾ തന്നെ പാലക്കാട്ടെ പ്രചരണ മേഖലയിൽ ശക്തമാണ്.
പാലക്കാട് കൈവിട്ടാൽ ഈ ചോദ്യത്തിന് കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ളവർ മറുപടി പറയേണ്ടിവരും. ബി.ജെ.പി – കോൺഗ്രസ്സ് ഡീലിൻ്റെ ഭാഗമായിരുന്നു, ഈ കളംമാറ്റിചവിട്ടലെന്നാണ് സി.പി.എം ആരോപിക്കുന്നത്. ഉപതിരഞ്ഞെടുപ്പിൽ, ഇടതുപക്ഷത്തിൻ്റെ കണക്ക് കൂട്ടൽ കൃത്യവും വ്യക്തവുമാണ്. ചേലക്കര നിലനിർത്തുക എന്നതാണ് അതിൽ പ്രധാനം. പാലക്കാട് വിജയമാണ് ലക്ഷ്യമിടുന്നതെങ്കിലും അത് സംഭവിച്ചില്ലെങ്കിൽ വോട്ടുകൾ വർദ്ധിപ്പിക്കാൻ കഴിഞ്ഞാൽ പോലും അത് രാഷ്ട്രീയമായി വൻ നേട്ടമായി മാറും. ഇങ്ങനെ ഒരു നേട്ടം ഇടതുപക്ഷത്തിന് ഉണ്ടായാൽ പ്രതിസന്ധിയിലായി പോകുക പ്രതിപക്ഷമാണ്. ‘2026-ൽ കേരള ഭരണം പിടിക്കുക എന്ന’ യു.ഡി.എഫിൻ്റെ സ്വപ്നമാണ് അത്തരമൊരു സാഹചര്യത്തിൽ തകർന്നടിയുക.
Express View
വീഡിയോ കാണാം