ദുബൈ: ദുബൈ മെട്രോയുടെ പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിലുടനീളം മെട്രോ നോൾ കാർഡുകൾ സൗജന്യമായി വിതരണം ചെയ്തു. ഈ സംരംഭം ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബായ് ,റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പിലാക്കിയത്. ദുബായ് മെട്രോയുടെ 15 വർഷം പൂർത്തിയാക്കിയ സ്മരണക്കായി പ്രത്യേക സ്റ്റാമ്പുകൾ പതിച്ചു നൽകി.
ദുബൈ മെട്രോ നഗരത്തിന്റെ ഗതാഗത സംവിധാനത്തിൻ്റെ നട്ടെല്ലാണ് .ഇത് യാത്രക്കാരുടെ അനുഭവം വർദ്ധിപ്പിക്കുകയും, സുസ്ഥിരമായ നഗര ചലനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് അധികൃതർ പറഞ്ഞു. ദുബൈ മെട്രോ നഗരത്തിന്‍റെ മുഖമാണ്. ഭാവി അഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു ആധുനിക ഗതാഗത മാർഗ്ഗം വാഗ്ദാനം ചെയ്യുന്നതോടൊപ്പം താമസക്കാർക്കും സന്ദർശകർക്കും മികച്ച അനുഭവങ്ങളാണ് നൽകുന്നതെന്ന് ജി ഡി ആർ എഫ് എ ദുബായ് ഡയറക്ടർ ജനറൽ, ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അഭിപ്രായപ്പെട്ടു.
എയർപോർട്ട് ടെർമിനലുകൾ 1, 3 എന്നിവിടങ്ങളിലാണ് നോൾ കാർഡുകൾ വിതരണം ചെയ്തത്.
ആധുനികവും സുസ്ഥിരവുമായ ഗതാഗത പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നതിന് അനുസൃതമായി, യാത്രക്കാർക്ക് തടസ്സമില്ലാത്തതും സമഗ്രവുമായ യാത്രാനുഭവം പ്രദാനം ചെയ്യാനുള്ള വിശാലമായ ശ്രമങ്ങളെ സംരംഭം പിന്തുണയ്ക്കുന്നുവെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.