ക്രമാതീതമായി ഉയരുന്ന ചൂടില്‍ വെന്തുരുകുകയാണ് നാടെങ്ങും, വേനല്‍ ചൂടില്‍ ശരീരം തളരുന്നതിനൊപ്പം തന്നെ ധാരാളം രോഗങ്ങളും ഉണ്ടാകുന്നുണ്ട് . ഈ കാലാവസ്ഥയില്‍ ചൂടിനെ ചെറുക്കാനും ആരോഗ്യം നിലനിര്‍ത്താനും കുറേ അധികം കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുമുണ്ട്.അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് രാവിലെ 11 മുതല്‍ 3 മണി വരെയുള്ള വെയില്‍ കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നത് .ഈ സമയങ്ങളില്‍ ധാരാളം വെള്ളം കുടിക്കുക കാരണം അമിതമായ വേനല്‍ ചൂടില്‍ നിര്‍ജ്ജലീകരണം ഉണ്ടാകാന്‍ സാധ്യത ഏറെയാണ് .അതുപോലെ തന്നെ വേനല്‍ക്കാലത്ത് കട്ടികുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ അയഞ്ഞ വസ്ത്രങ്ങളാണ് ധരിക്കേണ്ടത് , ഇവ ശരീര താപനില നിയന്ത്രിക്കാന്‍ സഹായിക്കും . അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നും കണ്ണിനെ സംരക്ഷിക്കാന്‍ കൂളിംഗ് ഗ്ലാസ്സുകള്‍ സഹായിക്കും .
ബാഹ്യമായ കാര്യങ്ങള്‍ പോലെ തന്നെ പ്രധാനപെട്ടതാണ് ഭക്ഷണ കാര്യവും , വേനല്‍ കാലത്ത് കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതുമായ ഭക്ഷണങ്ങള്‍ ഉണ്ട് .ദിവസവും രണ്ടു മുതല്‍ മുന്ന് ലിറ്റര്‍ വരെ വെള്ളം കുടിക്കണം . അതും പോഷക ഗുണങ്ങള്‍ ധാരാളം അടങ്ങിയ നാരങ്ങാ വെള്ളം മോരുംവെള്ളം ജീരക വെള്ളം ,കരിക്കിന്‍ വെള്ളം എന്നിവ ആവാം .അതുപോലെതന്നെ വെള്ളം ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം . നാരങ്ങാ വര്‍ഗത്തില്‍ പെട്ട ഓറഞ്ച് മുസംബി തുടങ്ങിയവയും ,തണ്ണിമത്തന്‍ മാതളനാരങ്ങ ,മാമ്പഴം എന്നിവയും കഴിക്കാം . മാമ്പഴത്തില്‍ ബീറ്റാ കരോട്ടിന്‍ ,വിറ്റാമിന് എ വിറ്റാമിന് സി എന്നിവ അടങ്ങിയിട്ടുണ്ട് ഇത് വേനല്‍ക്കാല രോഗങ്ങളെ അകറ്റി നിര്‍ത്തുന്നു. ഒരുപാട് എരിവുള്ളതും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും കാപ്പി ,ആല്‍ക്കഹോള്‍ എന്നിവയും ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.