ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത് റഷ്യയെയാണ്. ഇറാനെതിരെ ഇസ്രയേല്‍ തിരിച്ചടിച്ചാല്‍… എന്താകും റഷ്യയുടെ നിലപാട് എന്നതിന് അനുസരിച്ചായിരിക്കും യുദ്ധത്തിന്റെ ഗതി തന്നെ നിര്‍ണ്ണയിക്കപ്പെടുക. ഇസ്രയേല്‍ ആക്രമിച്ചാല്‍ ഇപ്പോള്‍ നല്‍കിയ പരിമിതമായ തിരിച്ചടിക്കുമപ്പുറം വന്‍ ആക്രമണം ഇസ്രയേല്‍ നേരിടേണ്ടി വരുമെന്നാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. റഷ്യയില്‍ നിന്നും കൂടുതല്‍ ആയുധങ്ങള്‍ കൊണ്ടുവരാന്‍ ഇറാന്റെ കപ്പലുകള്‍ പുറപ്പെട്ടതായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
അമേരിക്കയെയും ഇസ്രയേലിനെയും സംബന്ധിച്ച് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത നീക്കമാണിത്. നിലവില്‍ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ഉപരോധം ഇറാനും റഷ്യയ്ക്കും നേരെയുണ്ട്. ഉത്തര കൊറിയയാണ് ഉപരോധം നേരിടുന്ന മറ്റൊരു രാജ്യം. എന്നാല്‍ ഈ ഉപരോധങ്ങള്‍ക്ക് ശക്തമായ ‘മറുമരുന്ന്’ നല്‍കിയാണ് റഷ്യ ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ഡോളറിനെതിരായ ബദല്‍ നീക്കങ്ങള്‍ അതിന്റെ ഭാഗമാണ്.
യുക്രെയിന്‍ സംഘര്‍ഷത്തിന് വഴിമരുന്നിട്ട അമേരിക്കയെയും സഖ്യകക്ഷികളെയും പാഠം പഠിപ്പിക്കുക എന്നത് റഷ്യയുടെ പ്രധാന ലക്ഷ്യമാണ്. അതുകൊണ്ടു തന്നെ ഇറാന്‍ വിഷയത്തില്‍ വലിയ താല്‍പ്പര്യം റഷ്യയ്ക്കുണ്ട്. മാത്രമല്ല റഷ്യയുമായി ഏറ്റവും അടുത്തിടപഴകുന്ന രാജ്യം കൂടിയാണ് ഇറാന്‍. അതുകൊണ്ടുതന്നെ ഇറാന്റെ സംരക്ഷണം റഷ്യയുടെ കൂടി ഉത്തരവാദിത്തമാണ്. ഇസ്രയേലിനൊപ്പം കൂടി അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ ഇടപെടാന്‍ തന്നെയാണ് റഷ്യയുടെ തീരുമാനം.
അനുസരണക്കേടും അവിവേകവും ധിക്കാരവും കൈമുതലായുള്ള ഇസ്രയേല്‍, ഇറാനെ ആക്രമിക്കുമെന്ന് തന്നെയാണ് റഷ്യയും വിലയിരുത്തുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഇറാന്റെ തിരിച്ചടി സകല പരിധികളും ലംഘിച്ചാകുമെന്നതില്‍ റഷ്യയ്ക്ക് ഒട്ടും സംശയമില്ല. അതിനെക്കുറിച്ച് കൃത്യമായ ബോധം ഉള്ളതുകൊണ്ടാണ് സുപ്രധാനമായ നിര്‍ദ്ദേശം ഇപ്പോള്‍ സ്വന്തം പൗരന്‍മാര്‍ക്ക് റഷ്യ നല്‍കിയിരിക്കുന്നത്.
ഇസ്രയേലിലെ റഷ്യന്‍ പൗരന്മാരോട് രാജ്യം വിടാനാണ് ആ രാജ്യം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇസ്രയേലിലേക്ക് യാത്ര ചെയ്യുവാന്‍ ഉദ്ദേശിക്കുന്നവരോട് യാത്ര മാറ്റിവയ്ക്കാനും റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേല്‍ ആക്രമിച്ചാല്‍ ”ഏകപക്ഷീയമായ സ്വയം നിയന്ത്രണം” ഇനി ഉണ്ടാകില്ലെന്ന് ഖത്തര്‍ ഭരണകൂടം വഴി ഇറാന്‍ അമേരിക്കയ്ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനിയന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇസ്രയേലിന്റെ കൈകളാല്‍ ഹമാസിന്റെയും ഹിസ്ബുള്ളയുടെയും നേതാക്കള്‍ കൊല്ലപ്പെട്ടതും, ലെബനനിലെയും ഗാസയിലെയും അധിനിവേശവുമാണ് ഇറാനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇസ്രയേലിന്റെ അയണ്‍ ഡോമിനെ തകര്‍ത്ത് ഇറാന്റെ ആധുനിക മിസൈലുകള്‍ ഇസ്രയേലില്‍ പതിച്ചതും ഇതേ തുടര്‍ന്നാണ്. ഈ ആക്രമണം ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നുവെങ്കില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുമായിരുന്നു എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.
ഇറാനെതിരായി ഇസ്രയേല്‍ ആക്രമണം നടത്തിയാല്‍, ആ ആക്രമണത്തിന് സഹായം നല്‍കുന്നത് ഏത് രാജ്യമായാലും അവരെയും കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പും ഇറാന്‍ ഇതിനകം തന്നെ നല്‍കിയിട്ടുണ്ട്. ”ഞങ്ങളുടെ പ്രതികരണം അക്രമിയെ മാത്രം ലക്ഷ്യമാക്കിയുള്ളതായിരിക്കും. എന്നാല്‍, ഏതെങ്കിലും രാജ്യം ആക്രമണകാരിക്ക് സഹായം നല്‍കുകയാണെങ്കില്‍ അതും ലക്ഷ്യമായി കണക്കാക്കുമെന്നാണ് യു.എന്നിലെ ഇറാന്‍ പ്രതിനിധി തുറന്നടിച്ചിരിക്കുന്നത്.
‘ഏത് തരത്തിലുള്ള സൈനിക ആക്രമണമോ തീവ്രവാദ പ്രവര്‍ത്തനമോ ഇറാന്റെ ചുവപ്പ് വരകള്‍ മുറിച്ചുകടന്നാല്‍ അത് ഇറാന്റെ സായുധ സേനയുടെ ശക്തമായ ആക്രമണം വരുത്തുമെന്ന് ഇറാന്‍ പ്രധാനമന്ത്രിയും ഇസ്രയേലിന്റെ സഖ്യ കക്ഷികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇസ്രയേലിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ 180 മിസൈലുകളാണ് ഇസ്രയേലിന് നേരെ തൊടുത്തുവിട്ടിരുന്നത്. ഇതില്‍ ഭൂരിഭാഗവും തകര്‍ത്തതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അവകാശപ്പെട്ടെങ്കിലും പുറത്തുവന്ന വീഡിയോ തെളിവുകള്‍ ഇസ്രയേലിന്റെ അവകാശവാദങ്ങള്‍ പൊളിക്കുന്നതാണ്.
ഇറാന്‍ മിസൈലുകള്‍ ഇസ്രയേലില്‍ പതിക്കുന്നതിന്റെയും അതിന്റെ ആഘാതങ്ങളുടെയും നിരവധി തെളിവുകളാണ് വെളിവാക്കപ്പെട്ടിരിക്കുന്നത്. ഇസ്രയേലിന്റെ നിരവധി സൈനിക കേന്ദ്രങ്ങളില്‍ വന്‍ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇറാന്റെ മിസൈലുകള്‍ക്ക് ഇസ്രയേലില്‍ ലക്ഷ്യം കാണാന്‍ കഴിയില്ലെന്ന ഇസ്രയേലിന്റെ അഹങ്കാരമാണ് ആ ഒരൊറ്റ ആക്രമണത്തിലൂടെ ഇറാന്‍ തകര്‍ത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇറാനെ ഇസ്രയേല്‍ ആക്രമിച്ചാല്‍ ഇറാന്‍ സര്‍വ്വശക്തിയും എടുത്ത് പ്രഹരിക്കുമെന്ന കാര്യം ഉറപ്പാണ്. ഇത് കൃത്യമായി മനസ്സിലാക്കിയത് കൊണ്ടാണ് സ്വന്തം പൗരന്‍മാരോട് ഇസ്രയേല്‍ വിടാന്‍ റഷ്യ ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
വീഡിയോ കാണാം