ന്യൂഡല്‍ഹി: എന്‍.സി.ഇ.ആര്‍.ടിയുടെ പാഠപുസ്തകങ്ങളില്‍നിന്ന് ബാബരി മസ്ജിദിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നീക്കിയതിനെക്കുറിച്ചുള്ള വിഷയം ലോക്‌സഭയില്‍ അവതരിപ്പിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. ബാബരി മസ്ജിദിനെയും 2002ലെ ഗുജറാത്ത് കലാപത്തെയും കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എന്‍.സി.ഇ.ആര്‍.ടി നീക്കം ചെയ്തു. മുന്‍കാലങ്ങളിലെ തെറ്റുകളില്‍ നിന്ന് എന്തുകൊണ്ടാണ് ആളുകള്‍ പഠിക്കാത്തത്? നമ്മുടെ കുട്ടികള്‍ ഗുജറാത്ത് വംശഹത്യയെയും മുസ്ലിംകളുടെ കൂട്ടക്കൊലയെയും കുറിച്ച് പഠിക്കേണ്ടേ? -അദ്ദേഹം ചോദിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഗ്രാന്റുകള്‍ക്കായുള്ള ആവശ്യങ്ങളില്‍ ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത ഒവൈസി, സര്‍ക്കാര്‍ പാഠപുസ്തക സാമഗ്രികളിലും അധ്യാപന പരിപാടികളിലും കൃത്രിമം കാണിക്കുകയാണെന്നും ഒവൈസി ആരോപിച്ചു. അയോധ്യയെക്കുറിച്ചുള്ള ഭാഗം നാലില്‍ നിന്ന് രണ്ട് പേജാക്കി വെട്ടിമാറ്റുകയും എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളുടെ മുന്‍ പതിപ്പുകളിലെ വിശദാംശങ്ങള്‍ നീക്കുകയും ചെയ്തിരുന്നു.
ബാബരിയെക്കുറിച്ച് പറയുന്ന ഭാഗങ്ങള്‍ വെട്ടി നാലു പേജില്‍നിന്ന് രണ്ട് പേജാക്കിയാണ് കുറച്ചത്. 12-ാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ ബാബരി മസ്ജിദ് എന്ന് പറയാതെ ‘മൂന്ന് താഴികക്കുടങ്ങളുണ്ടായിരുന്ന കെട്ടിടം’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സോമനാഥില്‍ നിന്ന് അയോധ്യയിലേക്ക് ബി.ജെ.പി നടത്തിയ രഥയാത്ര, കര്‍സേവകരുടെ പങ്ക്, ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്തതിന് പിന്നാലെയുണ്ടായ വര്‍ഗീയ കലാപം, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്, അയോധ്യയിലെ സംഭവങ്ങളില്‍ ബി.ജെ.പി നടത്തിയ ഖേദ പ്രകടനം എന്നിവ വെട്ടിമാറ്റിയവയില്‍ ഉള്‍പ്പെടുന്നു.