ഡല്‍ഹി: യുപിഎ സര്‍ക്കാരാണ് രാജ്യം ഭരിച്ചിരുന്നതെങ്കിലും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട്. ക്ഷേത്രം പണിയാന്‍ ഉത്തരവിട്ടത് സുപ്രീംകോടതിയാണെന്നും അതിനാല്‍ യുപിഎ സര്‍ക്കാര്‍ ആണെങ്കിലും അത് അനുസരിക്കേണ്ടി വരുമായിരുന്നുവെന്നും ഗെഹ്ലോട്ട് വിശദീകരിച്ചു.
അയോധ്യയില്‍ രാമക്ഷേത്രം പണിതത് മുതലെടുക്കുകയാണ് ബിജെപി ഇപ്പോള്‍. അത് തടയാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. രാമക്ഷേത്രം പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി മാറിയിരിക്കുന്നു എന്നും എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഗെഹ്ലോട്ട് പറഞ്ഞത്. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് ഫലം എല്ലാവരെയും ഞെട്ടിക്കും. അത് ബിജെപിയ്ക്ക് അനുകൂലമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
400 സീറ്റുകള്‍ എന്ന മുദ്രാവാക്യം ആവര്‍ത്തിച്ച് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അവര്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന അന്തരീക്ഷം കൃത്രിമമാണ്. 2014-ല്‍ അവര്‍ക്ക് 31% വോട്ട് വിഹിതം ഉണ്ടായിരുന്നു, അതായത് ഭൂരിപക്ഷം വോട്ടുകളും അവര്‍ക്കെതിരെയായിരുന്നു. 2019ല്‍ അവര്‍ക്ക് 38% ലഭിച്ചു. അതായത് ,വോട്ടുകള്‍ വിഭജിക്കപ്പെട്ടിരുന്നു. എന്നാല്‍ അതിനര്‍ത്ഥം 50 ശതമാനത്തിലധികം ജനവിധി അവര്‍ക്ക് ലഭിച്ചുവെന്നല്ലെന്നും ഗെഹ്ലോട്ട് പറഞ്ഞു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നും മുന്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ബിജെപി ഒരു വാഷിംഗ് മെഷീന്‍ സ്ഥാപിച്ചു, ആ മെഷീനില്‍ എന്താണ് സംഭവിക്കുന്നതെന്ന് രാജ്യത്തിന് മുഴുവന്‍ അറിയാം. ബിജെപി എംപിമാര്‍ രാജസ്ഥാനോ സംസ്ഥാനത്തെ ജനങ്ങള്‍ക്കോ വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ഗെഹ്ലോട്ട് പറഞ്ഞു. ബിജെപി പ്രകടനപത്രികകളിലെ വാഗ്ദാനങ്ങള്‍ പാലിക്കാത്തത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു.