ഭാര്യ കൃത്യസമയത്ത് ഭക്ഷണം തയ്യാറാക്കാത്തതോ, വീട്ടിലെ ജോലികള്‍ ചെയ്യാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെടുന്നതോ ഒന്നും ആത്മഹത്യാപ്രേരണയല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. കുടുംബ പ്രശ്‌നങ്ങള്‍ എല്ലാ വീടുകളിലും സാധാരണമാണ് എന്നും കോടതി പറഞ്ഞു. ഭര്‍ത്താവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭാര്യക്കെതിരെ കുറ്റം ചുമത്തിയ ജില്ലാ കോടതിയുടെ മുന്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം. സര്‍ദാര്‍പൂര്‍, ജില്ലാ-ധാര്‍ (എംപി) ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുറപ്പെടുവിച്ച മുന്‍ ഉത്തരവാണ് ജസ്റ്റിസ് ഹിര്‍ദേഷ് അധ്യക്ഷനായ കോടതി റദ്ദാക്കിയത്. 306 -ാം വകുപ്പ് പ്രകാരമായിരുന്നു ഭാര്യയ്ക്കെതിരെ കുറ്റം ചുമത്തിയത്. ഭാര്യക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ നിസ്സാരമാണ് എന്നും അതെല്ലാം എല്ലാ വീട്ടിലും നടക്കുന്നതാണ് എന്നും കോടതി നിരീക്ഷിച്ചു.
സംഗീതയെന്ന സ്ത്രീയാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. 2022 ഏപ്രില്‍ 27 -നാണ് ഇവരുടെ വിവാഹം നടന്നത്. ദമ്പതികള്‍ക്ക് ഒരു മകളുമുണ്ട്. രാജ്ഗഢിലെ ഒരു വാടക വീട്ടിലാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപികയായ സംഗീതയും കൂലിപ്പണിക്കാരനായ ഭര്‍ത്താവും ഏകദേശം ആറ് മാസത്തോളം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. 2023 ഡിസംബര്‍ 27 -ന് സംഗീതയുടെ ഭര്‍ത്താവ് അവരുടെ വസതിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. 21 ദിവസത്തിനു ശേഷം 2024 ജനുവരി 16 -ന് സംഗീതയ്ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
സംഗീത അവരുടെ സഹോദരന്റെ വിവാഹത്തിന് നൃത്തം ചെയ്തു, ഭര്‍ത്താവിനെ കൊണ്ട് പാചകം, വീട് വൃത്തിയാക്കല്‍, വസ്ത്രം അലക്കല്‍ തുടങ്ങിയ ജോലികള്‍ ചെയ്യാനാവശ്യപ്പെട്ടു. ഇതൊക്കെയാണ് സംഗീതയുടെ ഭര്‍ത്താവിനെ നിരാശനാക്കിയത് എന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നും കാണിച്ചാണ് അവള്‍ക്കെതിരെ കുറ്റം ചുമത്തിയത്. എന്നാല്‍, അതിന് തെളിവില്ല. ഭര്‍ത്താവ് മരണക്കുറിപ്പെഴുതി വയ്ക്കുകയോ ആരോടെങ്കിലും ഇതേച്ചൊല്ലി എന്തെങ്കിലും പറയുകയോ ചെയ്തിട്ടില്ല. നേരത്തെ സംഗീതയ്‌ക്കെതിരെ ആരോപണങ്ങളൊന്നും ഉന്നയിച്ചിരുന്നില്ല എന്നുമായിരുന്നു അവളുടെ അഭിഭാഷകന്‍ വാദിച്ചത്. മധ്യപ്രദേശ് ഹൈക്കോടതി പറഞ്ഞത്, ഇതെല്ലാം എല്ലാ വീട്ടിലും നടക്കുന്ന കാര്യങ്ങളാണ്. വീട്ടിലെ കാര്യങ്ങള്‍ ചെയ്യണമെന്ന് ഭര്‍ത്താവിനോട് ആവശ്യപ്പെടുന്നത് ആത്മഹത്യയ്ക്ക് പ്രേരണയാകുന്ന കാര്യങ്ങളല്ല എന്നായിരുന്നു. ഒപ്പം ഇത്തരം കേസുകളില്‍ ആത്മഹത്യയ്ക്ക് പ്രേരണയായി എന്നതിന് കൃത്യമായ തെളിവുകള്‍ ആവശ്യമാണ് എന്നും കോടതി പരാമര്‍ശിച്ചു.