ബീജീംഗ്: വധശ്രമത്തിനുശേഷമുള്ള ഡോണള്‍ഡ് ട്രംപിന്റെ ചിത്രമുള്ള ടീ ഷര്‍ട്ട് വില്‍പന അവസാനിപ്പിച്ച് ചൈന. ചൈനീസ് ഇ കൊമേഴ്‌സ് സ്ഥാപനത്തിലൂടെയുള്ള വില്‍പനയാണ് നിര്‍ത്തിയത്. കഴിഞ്ഞ ശനിയാഴ്ച ട്രംപിന് വെടിയേറ്റ് മൂന്ന് മണിക്കൂറിനുള്ളില്‍ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ ടീ ഷര്‍ട്ട് വില്‍പനയ്ക്ക് എത്തിയിരുന്നു. അസ്വസ്ഥമാക്കുന്ന ഉള്ളടക്കത്തോട് കൂടിയതെന്ന് വിശദമാക്കിയാണ് ടീ ഷര്‍ട്ട് വില്‍പന ചൈന വിലക്കിയത്. ടോബോ ആന്‍ഡ് ജെഡി ഡോട്ട് കോം എന്ന ചൈനീസ് ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലൂടെയുള്ള വില്‍പനയാണ് നിര്‍ത്തിയത്.
ട്രംപിനെ നേരെയുണ്ടായ വധശ്രമം വലിയ രീതിയില്‍ ആഗോളതലത്തില്‍ ചര്‍ച്ചയായിരുന്നു. ചൈനീസ് സമൂഹമാധ്യമമായ വൈബോയിലും ട്രംപിന്റെ വധശ്രമം കാരണമായിരുന്നു. ഏറെക്കാലമായി വിവിധ കാരണങ്ങളാല്‍ ട്രംപ് ചൈനീസ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയമാണ്. അമേരിക്കക്കാരും ചൈനീസ് സ്വദേശികളും അടക്കം രണ്ടായിരത്തിലേറെ പേര്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ടീ ഷര്‍ട്ട് ഓര്‍ഡര്‍ ചെയ്‌തെന്നാണ് ടീ ഷര്‍ട്ടിന്റെ ചൈനീസ് റീട്ടെയിലര്‍ വിശദമാക്കുന്നത്. 39 യുവാന്‍ ഏകദേശം 750 രൂപയ്ക്കാണ് ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ ടീ ഷര്‍ട്ട് വില്‍പന പൊടിപൊടിച്ചത്. ചൈനീസ് ടെക് സ്ഥാപനമായ അലിബാബയുടെ ഉടമസ്ഥതയിലുള്ള ലാസാഡ ആന്‍ഡ് ഷോപ്പിയിലും ടീ ഷര്‍ട്ട് വില്‍പനയ്ക്ക് എത്തിയിരുന്നു.
അതേസമയം സമാന ചിത്രത്തോട് കൂടിയുള്ള ടീ ഷര്‍ട്ട് വില്‍പന അമേരിക്കയില്‍ പൊടിപൊടിക്കുകയാണ്. മരണമില്ലാത്ത് നേതാവ് , വെടിയുണ്ടകള്‍ക്കും ഭേദിക്കാനാവാത്ത നേതാവ് എന്ന അര്‍ത്ഥം വരുന്ന എഴുത്തുകളോടെയാണ് ഇവിടെ ചിത്രമടങ്ങിയ ടീ ഷര്‍ട്ട് വില്‍പന നടക്കുന്നത്. ശനിയാഴ്ച പെന്‍സില്‍വേനിയയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ട്രംപിന് വെടിയേറ്റത്.