മുംബൈ: മഹാരാഷ്ട്ര മുൻമന്ത്രിയും എൻ.സി.പി അജിത് പവർ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിൽ 2 പേർ അറസ്റ്റിൽ. ഇവരിൽ നിന്ന് പിസ്റ്റൾ പിടിച്ചെടുത്തതതായി പൊലീസ് അറിയിച്ചു. രക്ഷപ്പെട്ട മൂന്നാമനെ കണ്ടെത്താൻ വേണ്ടി ശ്രമം തുടരുകയാണ്. റെയിൽവേ സ്റ്റേഷനുകളിലും പരിശോധന നടക്കുകയാണ്. സംഭവത്തില്‍ മഹാരാഷ്ട്ര ക്രൈംബ്രാഞ്ചും അന്വേഷണം തുടങ്ങി. 10 പേരടങ്ങുന്ന ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.
മഹാരാഷ്ട്ര രാഷ്ട്രീയത്തിലും ബോളിവുഡ് സിനിമാലോകത്തും കഴിഞ്ഞ നാലരപതിറ്റാണ്ടോളം സജീവ സാന്നിധ്യമായിരുന്ന നേതാവാണ് ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നത്. ഇന്നലെ രാത്രി മുംബൈയിലെ ബാന്ദ്രയിലാണ് ബാബാ സിദ്ദിഖിക്ക് വെടിയേറ്റത്. രാത്രി ഒമ്പതരയോടെ ദസറ ആഘോഷങ്ങള്‍ നടക്കുന്നതിനിടെ മുഖം മുടി ധരിച്ചെത്തിയ മൂന്ന് പേര്‍ സിദ്ദിഖിക്ക് നേരെ വെടിവെക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലക്ക് പിന്നില്‍ കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്ണോയിയുടെ സംഘമെന്നാണ് സൂചന. സംഭവത്തിൽ ഷിന്‍ഡെ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി.