കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകള്‍ ഉടന്‍ പ്രഖ്യാപിക്കാനിരിക്കെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരക്കിട്ട കൂടിയാലോചനകള്‍ തുടരുകയാണ്. വയനാട് ലോകസഭ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് പ്രിയങ്കാ ഗാന്ധിയാണ്. ഇവിടെ ഇടതുപക്ഷത്ത് സി.പി.ഐ സ്ഥാനാര്‍ത്ഥിയാണ് മത്സരിക്കുക. അത് ആരാവണമെന്നത് ആ പാര്‍ട്ടിയുടെ നേതൃത്വമാണ് പ്രഖ്യാപിക്കുക.
പ്രിയങ്കയെ നേരിടാന്‍ കെല്‍പ്പുള്ള സ്ഥാനാര്‍ത്ഥി വേണമെന്ന നിലപാട് സി.പി.എം നേതൃത്വം സി.പി.ഐ നേതൃത്വത്തെ അറിയിക്കും. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി വോട്ടുകള്‍ സമാഹരിക്കാന്‍ ശേഷിയുള്ള നേതാവിനെയാണ് ബി.ജെ.പിയും തേടുന്നത്. നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലും ഇത്തവണ പൊടിപാറും. പാലക്കാട് നിലവില്‍ യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണ്. ചേലക്കരയാവട്ടെ ഇടതുപക്ഷത്തിന്റെ കോട്ടയുമാണ്. ഇതില്‍ ആര്‍ക്ക് സീറ്റ് നഷ്ടമായാലും അത് കേരള രാഷ്ട്രീയത്തില്‍ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുക.
പിണറായി സര്‍ക്കാരിനെതിരെ പ്രതിപക്ഷവും മാധ്യമങ്ങളും നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറും ഉയര്‍ത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ ഭരണപക്ഷത്തെ സംബന്ധിച്ച് വിജയിക്കേണ്ടത് അനിവാര്യമാണ്. സിറ്റിംഗ് സീറ്റായ ചേലക്കര നിലനിര്‍ത്താനും യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ പാലക്കാട് മണ്ഡലത്തില്‍ വോട്ടുകള്‍ വര്‍ദ്ധിപ്പിക്കാനും ഇടതുപക്ഷത്തിന് കഴിഞ്ഞാല്‍ അത് വന്‍ നേട്ടമാകും.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി രണ്ടാമതെത്തിയ മണ്ഡലമാണ് പാലക്കാട്. ഇവിടെ ഇത്തവണ വലിയ വിജയ പ്രതീക്ഷയാണ് ബി.ജെ.പി വെച്ചുപുലര്‍ത്തുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കാന്‍ പോകുന്ന പാലക്കാട് നിയമസഭാ മണ്ഡലം കൈവിട്ടാല്‍ യു.ഡി.എഫിന്റെ നില പരുങ്ങലിലാകും. തൃശൂര്‍ ലോകസഭ സീറ്റിന് പുറമെ പാലക്കാട് നിയമസഭാ മണ്ഡലത്തിലും ബി.ജെ.പിക്ക് വിജയിക്കാന്‍ അവസരമൊരുക്കി എന്ന പഴിയും കോണ്‍ഗ്രസ്സ് നേരിടേണ്ടി വരും.
കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റായ തൃശൂര്‍ ലോകസഭ മണ്ഡലത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നാംസ്ഥാനത്തേക്കാണ് ആ പാര്‍ട്ടി തള്ളപ്പെട്ടിരുന്നത്. ഇവിടെ രണ്ടാമത് എത്തിയ ഇടതുപക്ഷമാകട്ടെ വോട്ടുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. തൃശൂര്‍പൂര അട്ടിമറി ഇല്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും തൃശൂരില്‍ വിജയിക്കാന്‍ കഴിയുമായിരുന്നുവെന്ന് തന്നെയാണ് ഇടതു നേതാക്കള്‍ കരുതുന്നത്.
ഭരണപക്ഷ എം.എല്‍.എ ആയിരുന്ന പി.വി അന്‍വര്‍ ഇടതുപക്ഷ ചേരിവിട്ട് സര്‍ക്കാരിനെതിരെ കടന്നാക്രമണം നടത്തുന്ന പശ്ചാത്തലത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത്. അന്‍വര്‍ പ്രതിനിധീകരിക്കുന്ന നിലമ്പൂര്‍ നിയമസഭാമണ്ഡലം വയനാട് ലോകസഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ടതായതിനാല്‍ അന്‍വറിന്റെ പിന്തുണ പ്രിയങ്ക ഗാന്ധിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്സ് നേതൃത്വമുള്ളത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്ന പ്രിയങ്ക ഗാന്ധി അന്‍വറിന്റെ വീട് സന്ദര്‍ശിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയുകയില്ല.
പാലക്കാട് ബി.ജെ.പിയെ വിജയിപ്പിക്കാനും ചേലക്കരയില്‍ ഇടതുപക്ഷത്തെ വിജയിപ്പിക്കാനും ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നാണ് പി.വി അന്‍വര്‍ ആരോപിച്ചിരിക്കുന്നത്. ഈ ആരോപണത്തിന്റെ മുനയൊടിക്കാന്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാണ് സി.പി.എം പദ്ധതി തയ്യാറാക്കുന്നത്. ചേലക്കരയില്‍ സി.പി.എം നല്ല ഭൂരിപക്ഷത്തിന് വിജയിക്കുകയും ബി.ജെ.പി വോട്ടുകള്‍ അവരുടെ തന്നെ പെട്ടിയില്‍ വീഴുകയും ചെയ്താല്‍ ഈ ആരോപണത്തിന്റെ മുനയൊടിയും.
പാലക്കാട് മണ്ഡലത്തില്‍ ബി.ജെ.പി വിജയിക്കുകയും സി.പി.എം വോട്ട് വര്‍ദ്ധിപ്പിക്കുകയും ചെയ്താലും ഇതേ സാഹചര്യമാണ് ഉണ്ടാകുക. അതുപോലെ തന്നെ അന്‍വര്‍ ഇടതുപക്ഷം വിട്ട സാഹചര്യത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ഇടതുപക്ഷ വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ അതും ഇടതുപക്ഷത്തിന് വന്‍ നേട്ടമായി മാറും. അതേസമയം, വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയതില്‍ രാഹുല്‍ ഗാന്ധിയോട് അമര്‍ഷമുള്ള ഒരു വിഭാഗം വയനാട്ടിലുണ്ട്. ഇത് പരമാവധി പ്രയോജനപ്പെടുത്താനാണ് ഇടതുപക്ഷത്തിന്റെ നീക്കം.
പ്രിയങ്ക ഗാന്ധിക്ക് ഭൂരിപക്ഷം കുറഞ്ഞാല്‍ പോലും അത് ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന് നാണക്കേടുണ്ടാക്കും. മൂന്ന് മുന്നണികളും അവരുടെ ആവനാഴിയിലെ സകല ആയുധങ്ങളും എടുത്ത് പ്രയോഗിക്കുന്ന തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത്. അടുത്തവര്‍ഷം തദ്ദേശ തിരഞ്ഞെടുപ്പും 2026-ല്‍ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന സാഹചര്യത്തില്‍ ഈ ഉപതിരഞ്ഞെടുപ്പ് ഫലം എന്തു തന്നെയായാലും അത് വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളെയും സാരമായി ബാധിക്കും.
ലോകസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും രമ്യ ഹരിദാസിനെ തന്നെ ചേലക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസ്സ് ആലോചിക്കുന്നത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 39,400 വോട്ടുകളുടെ കൂറ്റന്‍ ഭൂരിപക്ഷത്തിനാണ് സി.പി.എം സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്‍ ചേലക്കരയില്‍ നിന്നും വിജയിച്ചിരുന്നത്. അതുകൊണ്ടുതന്നെ കടുത്ത രാഷ്ട്രീയ വെല്ലുവിളികള്‍ക്കിടയിലും ചേലക്കരയിലെ ചുവപ്പുകോട്ട ഭദ്രമാണെന്നാണ് സി.പി.എം നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ലോകസഭ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം 9,707 വോട്ടിന്റെ ലീഡ് പാലക്കാട് നിയമസഭ മണ്ഡലത്തില്‍ യു.ഡി.എഫിന് ഉണ്ടെങ്കിലും ഉപതിരഞ്ഞെടുപ്പ് വന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും. ബി.ജെ.പി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന പാലക്കാട് പിടിക്കാന്‍ ഏതറ്റം വരെയും ബി.ജെ.പി പോകുമെന്ന കാര്യവും ഉറപ്പാണ്.
2019-ല്‍ ഷാഫി പറമ്പില്‍ സ്ഥാനാര്‍ത്ഥിയായിട്ടും 3,859 വോട്ടുകള്‍ക്ക് മാത്രമാണ് യു.ഡി.എഫിന് വിജയിക്കാന്‍ കഴിഞ്ഞിരുന്നത്. ഈ കണക്കുകള്‍ തന്നെയാണ് ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്കും അടിസ്ഥാനം. ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെ പാലക്കാട് ഇറക്കാനാണ് ബി.ജെ.പിയും ശ്രമിക്കുന്നത്. കോണ്‍ഗ്രസ്സ് പ്രമുഖ യുവ നേതാവിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. സി.പി.എമ്മും പരമാവധി വോട്ടുകള്‍ ശേഖരിക്കാന്‍ ശേഷിയുള്ള സ്ഥാനാര്‍ത്ഥികളെയാണ് പാലക്കാട്ട് തേടുന്നത്.
വീഡിയോ കാണാം