തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് തദ്ദേശ വാർഡ് വിഭജന ബിൽ സഭയിൽ അവതരിപ്പിക്കും. ബില്ലിനെ എതിർക്കാനാണ് പ്രതിപക്ഷ തീരുമാനം. ഇതു സംബന്ധിച്ച് സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് ഗവർണർ തിരിച്ചയച്ചിരുന്നു. സഭാ സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ ബാർകോഴ വിവാദം സഭയിൽ ഉന്നയിച്ച് സർക്കാറിനെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ നീക്കം. സഭയ്ക്ക് അകത്തും പുറത്തും വിഷയം ആളിക്കത്തിക്കാനാണ് തീരുമാനം.
നാളെ നിയമസഭയിലേക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാൾ യുഡിഎഫ് നേതൃത്വത്തിലും നിയമസഭയിലേക്ക് മാർച്ച് സംഘടിപ്പിക്കും. രാവിലെ ചോദ്യോത്തരവേളക്ക് ശേഷം അംഗങ്ങളുടെ ഫോട്ടോ സെഷന് ഉണ്ടായിരിക്കും. അതിന് ശേഷമാകും സീറോ അവർ. ആദ്യ ദിനം അടിയന്തര പ്രമേയം ഒഴിവാക്കണമെന്ന് സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടെങ്കിലും ഇത് പ്രതിപക്ഷം സമ്മതിച്ചില്ല. അടിയന്തര പ്രമേയ നോട്ടീസ് പരിഗണിച്ചില്ലെങ്കിൽ ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ തയ്യാറല്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു.
ജൂലൈ 25 നാണ് സഭാ സമ്മേളനം അവസാനിക്കുക. ആകെ 28 ദിവസമാണ് സഭ സമ്മേളിക്കുക. ലോക കേരള സഭ ജൂൺ 13,14,15 തീയതികളിൽ നടക്കും. ഈ ദിവസങ്ങളിൽ സഭ സമ്മേളിക്കില്ല. സഭയിലെ എല്ലാ ചോദ്യങ്ങൾക്കും മന്ത്രിമാർ ഉത്തരം നൽകണമെന്ന് റൂളിംഗ് നൽകിയതായി സ്പീക്കർ അറിയിച്ചിരുന്നു.