CMDRF

ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് ഏറ്റവും അടുത്ത്; വേഗം 20,993 കിലോമീറ്റര്‍!

ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് ഏറ്റവും അടുത്ത്; വേഗം 20,993 കിലോമീറ്റര്‍!
ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് ഏറ്റവും അടുത്ത്; വേഗം 20,993 കിലോമീറ്റര്‍!

ന്യൂയോര്‍ക്ക്: ദിവസങ്ങളായി ശാസ്ത്രലോകം കാത്തിരിക്കുന്ന ‘2022 വൈഎസ്5’ ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് ഏറ്റവും അരികിലെത്തുമെന്ന് നാസ. 120 അടി വ്യാസമുള്ള ഈ ഛിന്നഗ്രഹത്തിന് ഒരു വിമാനത്തിന്റെയും മുങ്ങിക്കപ്പലിന്റെയും വലിപ്പമുണ്ട്. ഭൂമിക്ക് വളരെ അടുത്തെത്തുമ്പോഴും ഛിന്നഗ്രഹം ഭൂമിക്ക് യാതൊരു തരത്തിലും ഭീഷണിയാവില്ല എന്നാണ് നാസ കണക്കുകൂട്ടുന്നത്. ശാസ്ത്രജ്ഞന്‍മാര്‍ 2022ലാണ് വൈഎസ്5 എന്ന ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. നാസയുടെ ജെറ്റ് പ്രോപല്‍ഷന്‍ ലബോററ്ററിയും മറ്റ് ബഹിരാകാശ ഏജന്‍സികളും അന്ന് മുതല്‍ ഇതിനെ നിരീക്ഷിച്ചുവരികയായിരുന്നു. മണിക്കൂറില്‍ 20,993 കിലോമീറ്റര്‍ വേഗത്തിലാണ് വൈഎസ്5ന്റെ സഞ്ചാരം.

ഭൂമിയുടെ ഏറ്റവും അടുത്തേക്ക് ഇന്ന് വൈഎസ്5 ഛിന്നഗ്രഹം എത്തുമ്പോള്‍ 4,210,000 കിലോമീറ്ററാവും ഭൂമിയുമായുള്ള അകലം. ആശ്ചര്യം സൃഷ്ടിക്കുന്ന വലിപ്പവും വേഗവും താരതമ്യേന ഭൂമിയുമായുള്ള അടുപ്പവുമാണ് വൈഎസ്5 ഛിന്നഗ്രഹം ശാസ്ത്രലോകത്ത് ഇത്രയധികം ആകാംക്ഷയുണ്ടാക്കാനുള്ള പ്രധാന കാരണം. എന്നാല്‍ വലിപ്പവും വേഗവും കൊണ്ട് അമ്പരപ്പിക്കുന്നുവെങ്കിലും ഈ ഛിന്നഗ്രഹം ഭൂമിക്ക് ഭീഷണിയാവില്ല എന്ന് നാസ പറയുന്നു. ഭൂമിക്ക് യാതൊരു ഭീഷണിയുമാവാതെ വൈഎസ്5 ഛിന്നഗ്രഹം ഇന്ന് അടുത്തൂടെ കടന്നുപോകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

120 അടി വ്യാസമുള്ള വൈഎസ്5 ഛിന്നഗ്രഹം ഒരു മീഡിയം-സൈസ് കപ്പലിന്റെയോ യാട്ടിന്റെയോ വലിപ്പമുള്ളതാണ്. നവീനമായ ടെലിസ്‌കോപ്പുകളും ട്രാക്കിംഗ് സംവിധാനങ്ങളുമാണ് വൈഎസ്5 ഛിന്നഗ്രഹത്തെ കണ്ടെത്താനും ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്നത്. ഇതിന് പുറമെ ഭൂമിക്ക് അടുത്തുള്ള മറ്റ് ബഹിരാകാശ വസ്തുക്കളെയും ശാസ്ത്രലോകം നിരീക്ഷിക്കുന്നുണ്ട്. നാസ ഇക്കാര്യത്തില്‍ ലോകത്തെ മറ്റെല്ലാ ബഹിരാകാശ ഏജന്‍സികളുമായി സഹകരിച്ചുവരുന്നു. ഭാവിയില്‍ ഭൂമിക്ക് വരാന്‍ സാധ്യതയുള്ള ഛിന്നഗ്രഹ ഭീഷണികളെ കുറിച്ച് കൂടുതല്‍ നിഗമനങ്ങളിലെത്താന്‍ വൈഎസ്5നെ കുറിച്ചുള്ള പഠനം സഹായിക്കും.

Top