ലിമ: പെറുവിന്റെ തലസ്ഥാനമായ ലിമയിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (അപെക്) ഉച്ചകോടിക്കിടെ ചൈനയുടെ പ്രസിഡന്റ് ഷീ ജിങ്പിങ്ങുമായി അവസാന കൂടിക്കാഴ്ച നടത്തി ജോ ബൈഡൻ. കഴിഞ്ഞ വർഷം കാലിഫോർണിയയിൽ അപെക് ഉച്ചകോടിക്കു ശേഷം ആദ്യമായാണ് ഇരു നേതാക്കളും കണ്ടുമുട്ടുന്നത്. ചൈനയുടെ ഇറക്കുമതിക്ക് 60 ശതമാനം നികുതി ചുമത്തുമെന്ന് പറയുന്ന ഡോണൾഡ് ട്രംപ് പ്രസിഡന്റായാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുമോയെന്ന ആശങ്ക നിലനിൽക്കെയാണ് കൂടിക്കാഴ്ച.
സുസ്ഥിരമായ ചൈന – അമേരിക്ക ബന്ധം ഇരു രാജ്യങ്ങൾക്കും മാത്രമല്ല മനുഷ്യരാശിയുടെ ഭാവിക്കും നിലനിൽപ്പിനും നിർണായകമാണെന്ന് കൂടിക്കാഴ്ചയിൽ ചൈനീസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങൾക്കും പരസ്പരം യോജിക്കാൻ കഴിയുന്ന രീതിയിലുള്ള ശരിയായ തീരുമാനങ്ങൾ അമേരിക്ക എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കയുടെ പുതിയ ഭരണകൂടവുമായി സഹകരണം ശക്തമാക്കാനും ആശയവിനിമയം നടത്താനും ഭിന്നതകൾ പരിഹരിച്ച് ശക്തമായ ബന്ധത്തിലേക്ക് നീങ്ങാനും ചൈന തയാറാണെന്നും ഷീ വ്യക്തമാക്കി.
Also Read: ദീർഘദൂര മിസൈലുകൾ നൽകി അമേരിക്ക; റഷ്യയെ ആക്രമിക്കാൻ യുക്രെയ്ന് ബൈഡന്റെ പച്ചക്കൊടി
ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ തെറ്റിദ്ധാരണകൾ ഒഴിവാക്കുമെന്നും മത്സരം ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നില്ലെന്ന് ഉറപ്പാക്കുമെന്നും ബൈഡൻ ചൂണ്ടിക്കാട്ടി. യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യയെ സഹായിക്കാനുള്ള തീരുമാനത്തിൽ നിന്ന് ഉത്തര കൊറിയയെ ചൈന പിന്തിരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയാൽ ബൈഡന്റെ തീരുമാനത്തിൽ മാറ്റം വരുത്തുമോയെന്ന് വ്യക്തമല്ല. യുക്രെയ്ന് നൽകുന്ന സൈനിക-സാമ്പത്തിക നയങ്ങളെ വിമർശിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്.