തിരുവനന്തപുരം: മോദിയെ ട്രോളി എക്സിൽ പങ്കുവെച്ച പോസ്റ്റ് പിൻവലിച്ച് കോൺഗ്രസ് കേരള ഘടകം. പോസ്റ്റ് വ്യാപക വിമർശനങ്ങൾക്ക് വഴിതുറന്നതോടെ പിൻവലിച്ചത്. ഇറ്റലിയിൽ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാൻസിസ് മാർപാപ്പയും കൂടിക്കാഴ്‌ച നടത്തിയതിൻ്റെ ചിത്രം എക്സിൽ പങ്കുവച്ചുകൊണ്ടായിരുന്നു പരിഹാസം.
“ഒടുവിൽ മാർപാപ്പയ്ക്ക് ദൈവത്തെ കാണാനുള്ള അവസരം ലഭിച്ചു!” എന്ന അടികുറിപ്പോടെയാണ് ചിത്രം എക്സിൽ പോസ്റ്റ് ചെയ്തിരുന്നത്. തന്നെ ദൈവം അയച്ചതാണെന്ന പ്രധാനമന്ത്രിയുടെ മുൻ പരാമർശത്തെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു കോൺഗ്രസ് ചിത്രം പങ്കുവെച്ചത്.
പോസ്റ്റ് പ്രചരിച്ചതോടെ കോൺഗ്രസിന്റെ എക്സ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് തീവ്ര ഇസ്ലാമിസ്റ്റുകളോ അർബൻ നക്സലുകളോ ആണെന്ന് തോന്നുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വിമർശിച്ചു. ദേശീയ നേതാക്കൾക്കെതിരെ അപകീർത്തികരവും അപമാനകരവുമായ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നത് തുടരുന്ന കോൺഗ്രസ് ഇപ്പോൾ ബഹുമാനപ്പെട്ട മാർപ്പാപ്പയെയും ക്രിസ്ത്യൻ സമൂഹത്തെയും പരിഹസിക്കുന്നതിലേക്കും തിരിഞ്ഞിരിക്കുകയാണെന്നും സുരേന്ദ്രൻ എക്സിൽ കുറിച്ചു.