ബെംഗളൂരു: രാത്രി ഭക്ഷണം കഴിച്ചുറങ്ങിയ ഒരു കുടുംബത്തിലെ നാലുപേർ ദുരൂഹസാഹചര്യത്തിൽ മരിച്ചു. കർണാടകയിലെ റായ്ച്ചൂർ ജില്ലയിലെ കല്ലൂരിൽ താമസിക്കുന്ന ഭീമണ്ണ ബഗ്ലി(60) ഭാര്യ ഏരമ്മ(54) മക്കളായ മല്ലേഷ(19) പാർവതി(17) എന്നിവരാണ് ദുരൂഹമായി മരിച്ചത്. അതേസമയം കുടുംബത്തിലെ മറ്റൊരംഗമായ മല്ലമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അബോധാവസ്ഥയിലാണെന്നാണ് ആശുപത്രിയിൽനിന്നുള്ള വിവരം.
വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിഞ്ഞ് കിടന്നുറങ്ങിയ കുടുംബാംഗങ്ങൾക്ക് അർധരാത്രിയോടെയാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് അഞ്ചുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉടനെ തന്നെ നാലുപേരും മരിച്ചു. വീട്ടിലുണ്ടാക്കിയ ചപ്പാത്തിയും മട്ടണും സാലഡുമാണ് രാത്രി ഭക്ഷണമായി കുടുംബം കഴിച്ചെന്നാണ് വിവരം. എന്നാൽ അയൽക്കാരാണ് ഇവരെ റായ്ച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം ചികിത്സയിലിരിക്കെ പുലർച്ചെയോടെ നാലുപേരുടെയും മരണം സംഭവിക്കുകയായിരുന്നു.
പ്രാഥമിക നിഗമനം ഭക്ഷണത്തിൽ വിഷാംശം കലർന്നതാണ് കൂട്ടമരണത്തിന് കാരണമായതെന്നാണ് . അതേസമയം സംഭവം ആത്മഹത്യയാണോ എന്നതടക്കം പൊലീസ് പരിശോധിച്ചുവരികയാണ്. വീട്ടിൽനിന്നുള്ള ഭക്ഷണ സാമ്പിളുകൾ ഹൈദരാബാദിലെ ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ലാബ് റിപ്പോർട്ടും ലഭിച്ചാലേ മരണകാരണം കൂടുതൽ വ്യക്തമാവുകയുള്ളൂവെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.