ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഇടക്കാല ജാമ്യ കാലാവധി തീര്‍ന്ന് തിഹാര്‍ ജയിലിലേക്ക് മടങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചുമതലകള്‍ പാര്‍ട്ടി നേതാക്കള്‍ക്ക് കൈമാറി. ഭരണ നിര്‍വഹണത്തിന്റെ ഏകോപന ചുമതല മന്ത്രി അതിഷി മെര്‍ലേനയ്ക്ക് കൈമാറി. പാര്‍ട്ടി നിയന്ത്രണത്തിന്റെ ചുമതല സംഘടനാ ജനറല്‍ സെക്രട്ടറി സന്ദീപ് പഥക്കിനും നല്‍കി.
ഭാര്യ സുനിത കെജ്രിവാള്‍ തല്‍ക്കാലം സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ടതില്ലെന്നാണ് അരവിന്ദ് കെജ്രിവാളിന്റെ നിലപാട്. മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ്ങിനു ചുമതലകളൊന്നും നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയം. സ്വാതി മലിവാള്‍ വിഷയത്തില്‍ നേതൃത്വത്തെ സഞ്ജയ് സിങ് വിമര്‍ശിച്ചിരുന്നു. മന്ത്രി സൗരഭ് ഭരദ്വാജിനെ പാര്‍ട്ടി നിയന്ത്രണത്തിന്റെ ചുമതലയുള്ള സംഘത്തില്‍ ഉള്‍പ്പെടുത്തി.