ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായുള്ള അതിഷി മര്‍ലേനയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച നടത്താമെന്ന് ലഫ്.ഗവര്‍ണറുടെ ശുപാര്‍ശ. ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജ്‌രിവാളിന്റെ രാജിക്കത്തും പുതിയ സര്‍ക്കാരിനായുള്ള കത്തും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ലഫ്.ഗവര്‍ണര്‍ വി.കെ.സക്‌സേന കൈമാറി. എന്നാല്‍ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള തീയതി ആം ആദ്മി ഇതുവരെ നിര്‍ദേശിച്ചിട്ടില്ലെന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ചൊവ്വാഴ്ചയാണു ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജ്‌രിവാള്‍ രാജി സമര്‍പ്പിച്ചത്.
നിയുക്ത മുഖ്യമന്ത്രി അതിഷിക്കൊപ്പമാണ് കേജ്‌രിവാള്‍ ഗവര്‍ണറുടെ വസതിയിലെത്തിയത്. എഎപിയുടെ നിയമസഭാകക്ഷി യോഗത്തില്‍ കേജ്രിവാളാണ് അതിഷിയുടെ പേര് മുന്നോട്ടുവച്ചത്. സ്ഥാനമേല്‍ക്കുന്നതോടെ, ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡല്‍ഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാകും അതിഷി.