അമേരിക്കയെ കിടുക്കിയ ഒരു ആക്രമണമാണ് നവംബർ 12 ന് പശ്ചിമേഷ്യയിൽ നടന്നിരിക്കുന്നത്. ഇസ്രയേലിൻ്റെ സംരക്ഷണത്തിനായി എത്തി അറബിക്കടലിൽ നങ്കൂരമിട്ട, അമേരിക്കയുടെ എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പൽ ആക്രമിക്കപ്പെട്ട വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന യെമനിലെ ഹൂതികളാണ് അമേരിക്കൻ ഭരണകൂടത്തെയും നാറ്റോ സഖ്യത്തെയും ഞെട്ടിച്ച മിന്നൽ ആക്രമണം നടത്തിയിരിക്കുന്നത്.
വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കണും ചെങ്കടലിലും അറബിക്കടലിലും പ്രവർത്തിക്കുന്ന രണ്ട് ഡിസ്ട്രോയറുകളുമാണ് ആക്രമിക്കപ്പെട്ടതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് യുഎസ്എസ് എബ്രഹാം ലിങ്കണിനെ ലക്ഷ്യമിട്ടായിരുന്നു ആദ്യ ഓപ്പറേഷൻ നടന്നിരുന്നത്. രണ്ടാമത്തെ ആക്രമണം ചെങ്കടലിലെ രണ്ട് യുഎസ് ഡിസ്ട്രോയറുകളെ കേന്ദ്രീകരിച്ചായിരുന്നു, ഇതിനായി നിരവധി മിസൈലുകളും ഡ്രോണുകളുമാണ് ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം, യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെയുള്ള ആക്രമണത്തെ കുറിച്ച് പ്രതികരിക്കാതിരുന്ന അമേരിക്കൻ സൈനിക നേതൃത്വം തന്ത്രപ്രധാനമായ ബാബ് അൽ-മന്ദാബ് കടലിടുക്ക് കടന്ന രണ്ട് യുഎസ് ഡിസ്ട്രോയറുകൾക്ക് നേരെ ഹൂതി സേന ഒന്നിലധികം ആക്രമണങ്ങൾ നടത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. പെൻ്റഗൺ പുറത്തിറക്കിയ പ്രസ്താവന പ്രകാരം കുറഞ്ഞത് എട്ട് ഡ്രോണുകളും അഞ്ച് ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ക്രൂയിസ് മിസൈലുകളുമായാണ് ഹൂതികൾ അമേരിക്കൻ കപ്പലുകളെ ലക്ഷ്യമിട്ടിരിക്കുന്നത്.
നേരത്തെ തന്നെ ചെങ്കടലിലൂടെ പോയ വാണിജ്യ കപ്പലിന് സമീപം ഒന്നിലധികം സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ നാശനഷ്ടങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ബ്രിട്ടൻ്റെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് അമേരിക്കൻ യുദ്ധക്കപ്പലുകൾ ആക്രമിക്കപ്പെട്ട വാർത്തയും പുറത്ത് വന്നിരിക്കുന്നത്.
“തങ്ങൾ, വിജയകരമായ” മിസൈൽ ആക്രമണം നടത്തിയതായാണ് ഹൂതികളുടെ വക്താവ് യഹ്യ സാരി എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്. ആദ്യത്തേത് യുഎസ്എസ് എബ്രഹാം ലിങ്കണായിരുന്നു എങ്കിൽ രണ്ടാമത്തെ ആക്രമണം ചെങ്കടലിൽ രണ്ട് അമേരിക്കൻ നാവിക നശീകരണക്കപ്പലുകളെ ലക്ഷ്യമിട്ടായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Also Read: ഇസ്രയേലിനെയും ഇറാനെയും ഒപ്പം കൂട്ടാൻ ട്രംപ്; വലിയ വിട്ടുവീഴ്ചകൾ ആവശ്യമോ?
ഗാസയിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കാനും ഇസ്രയേലിനെ സമ്മർദ്ദത്തിലാക്കാനുമായി കഴിഞ്ഞ ഒരു വർഷത്തോളമായി ഇറാന്റെ നിർദ്ദേശ പ്രകാരം ചെങ്കടലിൽ ഇസ്രയേലിൻ്റെയും പാശ്ചാത്യ കപ്പലുകളുടെയും ഗതാഗതം തടസ്സപ്പെടുത്തുന്ന ഹൂതികൾ അമേരിക്കയുടെ അഭിമാനമായ യുദ്ധക്കപ്പലുകളെ ലക്ഷ്യമിടുമെന്ന് ഇസ്രയേലു പോലും കരുതിയിട്ടുണ്ടാവില്ല.
2023 ഒക്ടോബറിൽ ഗാസ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഹൂതികൾ 90 വാണിജ്യ കപ്പലുകളെയാണ് ആക്രമിച്ചിരുന്നത്. ഈ ആക്രമണങ്ങളുടെ ഫലമായി രണ്ട് കപ്പലുകൾ മുങ്ങുകയും ഒരെണ്ണം ഹൂതികൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. നാല് നാവികരുടെ ജീവനും നഷ്ടപ്പെടുകയുണ്ടായി. ഈ സംഭവങ്ങൾ മേഖലയിലൂടെയുള്ള വാണിജ്യ ഗതാഗതത്തെയാണ് താറുമാറാക്കിയിരുന്നത്. ഹൂതികളെ ഭയന്ന് ജർമ്മനിയുടെ യുദ്ധക്കപ്പലും നേരത്തെ വഴിതിരിച്ചു വിടുന്ന സാഹചര്യമുണ്ടായിരുന്നു.
അമേരിക്ക അവരുടെ മുന്നണി പോരാളിയായി കരുതുന്ന എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനി കപ്പലിനുള്ളിൽ, എഫ് 35 ഉൾപ്പെടെയുള്ള അനവധി യുദ്ധവിമാനങ്ങളും ആണവായുധങ്ങൾ ഉൾപ്പെടെ മാരക പ്രഹരശേഷിയുള്ള നിരവധി ആയുധങ്ങളുമുണ്ട്. ഒരേസമയം കടലിലും കരയിലും ആകാശത്തും ആക്രമണം നടത്താൻ ശേഷിയുള്ള സംവിധാനമാണ് ഈ വിമാന വാഹിനി കപ്പലിലുള്ളത്.
ആയിരക്കണക്കിന് അമേരിക്കൻ സൈനികരാണ് ഈ കപ്പലിൽ തമ്പടിച്ചിരിക്കുന്നത്. യുഎസ്എസ് എബ്രഹാം ലിങ്കണ് സംരക്ഷണം തീർത്തും മറ്റുമായി മറ്റ് നിരവധി യുദ്ധക്കപ്പലുകളും അറബിക്കടലിൽ തമ്പടിച്ചിട്ടുണ്ട്. ശത്രുവിൻ്റെ ആയുധത്തെ പരിസരത്തേക്ക് പോലും അടുപ്പിക്കാതെ പ്രതിരോധിക്കാൻ ആധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങളുൾപ്പെടെ യുദ്ധക്കപ്പലിലും അതിന് ചുറ്റും വിന്യസിക്കപ്പെട്ടിട്ടുണ്ട്. അഡ്വാൻസ് അറ്റാക്ക് ഹെലികോപ്റ്ററായ അപ്പാച്ചെയുടെയും നിരവധി യുദ്ധവിമാനങ്ങളുടെയും യുദ്ധക്കപ്പലുകളുടെയും അകമ്പടിയോടെ മാത്രം സഞ്ചരിക്കുന്ന ഈ വിമാനവാഹിനി കപ്പൽ ഒരു ‘മിനി’ അമേരിക്ക തന്നെ ആയാണ് അറിയപ്പെടുന്നത്. അതിനെയാണിപ്പോൾ ഹൂതികൾ ആക്രമിച്ചിരിക്കുന്നത്.
നാശനഷ്ടങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ലങ്കിലും ആക്രമണം ലക്ഷ്യം കണ്ടതായി എന്തായാലും ഹൂതികൾ സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്ക വൈകിയെങ്കിലും സത്യം തുറന്ന് പറയുമോ അതോ നാണക്കേട് ഓർത്ത് മറച്ചു വയ്ക്കുമോ എന്നതും കണ്ടറിയേണ്ട കാര്യമാണ്.
“നിരവധി ക്രൂയിസ് മിസൈലുകളും ഡ്രോണുകളും” ഉപയോഗിച്ചാണ് യു.എസ്.എസ് എബ്രഹാം ലിങ്കണെ ആക്രമിച്ചതെന്നാണ് ഹൂതികൾ പറയുന്നത്. പ്രമുഖ റഷ്യൻ മാധ്യമമാണ് ഈ വാർത്ത ആദ്യം പുറത്ത് വിട്ടിരിക്കുന്നത്. തൊട്ടുപിന്നാലെ അറബ് മാധ്യമങ്ങൾ ഉൾപ്പെടെ ഇത് സ്ഥിരീകരിച്ചിട്ടുമുണ്ട്.
ഹൂതികളുടെ ആസ്ഥാനമായ യെമനെ ലക്ഷ്യമിട്ട് അമേരിക്കയും ബ്രിട്ടനും ഇസ്രയേലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആക്രമണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. വീണ്ടും അമേരിക്ക ആക്രമണത്തിന് തയ്യാറെടുത്ത പശ്ചാത്തലത്തിലാണ് വിമാനവാഹിനി കപ്പലിനെ ആക്രമിച്ചതെന്നാണ് ഹൂതികളുടെ വക്താവ് പറയുന്നത്.
രണ്ട് ലക്ഷ്യ സ്ഥാനങ്ങൾ ടാർഗറ്റ് ചെയ്ത് നടന്ന ആക്രമണം എട്ട് മണിക്കൂർ നീണ്ടു നിന്നെന്നും”വിജയകരമായി തന്നെ, അത് പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നുമാണ് യഹ്യ സാരി അവകാശപ്പെടുന്നത്. അമേരിക്കയുടെ ആക്രമണ പദ്ധതി പൊളിക്കാൻ കഴിഞ്ഞത് വൻ നേട്ടമായാണ് ഹൂതികൾ വിശേഷിപ്പിക്കുന്നത്. ഇനിയും അമേരിക്ക ആക്രമണം തുടർന്നാൽ, വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും അവർ നൽകിയിട്ടുണ്ട്.
Also Read: ട്രംപിന്റെ വരവോടെ പുതിയൊരു പരിവർത്തനത്തിന് തയ്യാറെടുത്ത് പാശ്ചാത്യലോകം
ഇതോടെ, പശ്ചിമേഷ്യയിലെ സംഘർഷം പുതിയ ഒരു വഴിത്തിരിവിൽ എത്തിയിരിക്കുകയാണ്. എവിടെ കയറി ആക്രമിക്കാനുമുള്ള ശേഷി തങ്ങൾക്കുണ്ടെന്ന് ഹൂതികൾ പറയുകയും അമേരിക്കൻ വിമാനവാഹിനി കപ്പൽ ആക്രമിക്കപ്പെടുകയും ചെയ്യുമ്പോൾ അമേരിക്കയും നേരിട്ട് ഇടപെടുന്ന സാഹചര്യമാണ് ഇനി ഉണ്ടാകാൻ പോകുന്നത്.
ഇതുവരെ, യെമനിലും സിറിയയിലുമാണ്, അമേരിക്ക നേരിട്ട് വ്യോമാക്രമണം നടത്തിയതെങ്കിൽ ഇനി അവരുടെ ടാർഗറ്റ് ഇറാനായി മാറും. അതോടെ സംഘർഷങ്ങളുടെ ഗതിയും മാറും. ഹൂതികൾക്ക് ആയുധങ്ങൾ നൽകുന്നത് പ്രധാനമായും ഇറാനാണ്. ഇതിൽ റഷ്യൻ ആയുധങ്ങളും ഉൾപ്പെടും. ഇറാൻ്റെ കൈവശം അതിശക്തമായ പ്രഹരശേഷിയുള്ള മിസൈലുകൾ ഉണ്ടെങ്കിലും യുഎസ്എസ് എബ്രഹാം ലിങ്കൺ ആക്രമിക്കപ്പെട്ടെങ്കിൽ തീർച്ചയായും അതിൽ റഷ്യൻ ആയുധങ്ങളുടെ പങ്കും തള്ളിക്കളയാൻ കഴിയുന്നതല്ല.
യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനി കപ്പൽ ആക്രമിക്കപ്പെട്ട വിവരം അമേരിക്ക ഔദ്യോഗികമായി പ്രഖാപിക്കുന്ന നിമിഷം തന്നെ പ്രത്യാക്രമണത്തിനും സാധ്യതയുണ്ട്. പേൾ ഹാർബറിലെ അമേരിക്കൻ നാവിക താവളത്തെ ആക്രമിച്ചതിനാണ് 1945 ആഗസ്റ്റ് ആറിന് ജപ്പാനിലെ ഹിരോഷിമയിലും ആഗസ്റ്റ് 9 ന് നാഗസാക്കിയിലും അമേരിക്ക അണുബോംബിട്ട് ലക്ഷങ്ങളെ കൊന്നൊടുക്കിയിരുന്നത്.
ലോകത്ത് തങ്ങളുടെ മേധാവിത്വം ഉറപ്പിക്കാൻ അന്ന് അമേരിക്ക നടത്തിയ ഈ കൂട്ടകുരുതി പുതിയ കാലത്ത് പക്ഷേ അവർക്ക് നടപ്പാക്കാൻ കഴിയുകയില്ല. 1945 അല്ല 2024 എന്നത് അമേരിക്കയ്ക്കും എന്തായാലും ബോധ്യമുണ്ടാകും. കിം ജോങ്ങ് ഉന്നിൻ്റെ ഉത്തര കൊറിയക്കു വരെ ആണവായുധം ഉള്ള കാലമാണിത്. ഇറാനും പ്രഖ്യാപിത ആണവ രാജ്യമല്ലെങ്കിലും, അവരുടെ പക്കലും നിരവധി ആണവായുധങ്ങൾ ഉണ്ട്. അമേരിക്ക കടുംകൈ പ്രയോഗത്തിന് മുതിർന്നാൽ ആ രാജ്യവും സുരക്ഷിതമാവുകയില്ലെന്നത് വ്യക്തം.
റഷ്യയും, ഇറാനും, ഉത്തരകൊറിയയും അമേരിക്കൻ വിരുദ്ധ സഖ്യമായി മാറിക്കഴിഞ്ഞു. ഈ മൂന്ന് രാജ്യങ്ങളെയും ഉപരോധത്തിൽപ്പെടുത്തി ദ്രോഹിച്ചതും അമേരിക്കയാണ്. ഇപ്പോൾ ഇസ്രയേലിനും യുക്രെയിനിനും പിന്നിൽ നിന്നും കളിക്കുന്നതും ഇതേ അമേരിക്ക തന്നെയാണ്. ഗാസയിലെയും ലെബനനിലെയും മാത്രമല്ല സിറിയയിലെയും യെമനിലെയും ആക്രമണങ്ങൾക്കും കൂട്ടക്കുരുതിക്കും അമേരിക്ക കൂടി അനുഭവിക്കേണ്ട സാഹചര്യമാണ് ഇനി ഉണ്ടാകാൻ പോകുന്നത്.
Also Read: യുദ്ധത്തില്‍ ഉത്തരകൊറിയന്‍ പട്ടാളക്കാരും; ഒടുവില്‍ റഷ്യയുടെ സ്ഥിരീകരണമെത്തി
2023 ഒക്ടോബർ 7 മുതൽ ഗാസ മുനമ്പിലെ ഇസ്രയേലിന്റെ ക്രൂരമായ സൈനിക ആക്രമണത്തിൽ കുറഞ്ഞത് 43,665 പേർ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ് എന്നതും നാം അറിയണം. 1,03,076-ലധികം പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ ഏറ്റവും പുതിയ കണക്കുകൾ അതാണ് സൂചിപ്പിക്കുന്നത്.
ലെബനനിൽ, ഇസ്രായേലിൻ്റെ സൈനിക നടപടികളിൽ മരിച്ചവരുടെ എണ്ണം 3,287 ആയി ഉയർന്നിട്ടുണ്ട്. സംഘർഷത്തിൻ്റെ തുടക്കം മുതൽ 14,222 പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. യഥാർത്ഥ കണക്കുകൾ ഇതിലും വർദ്ധിക്കാൻ തന്നെയാണ് സാധ്യത. ഗാസയ്ക്കും ലെബനനിനും വേണ്ടി ഏറ്റവും ശക്തമായ ഇടപെടൽ നടത്തുന്നത് നിലവിൽ ഇറാനാണ്. ആ ഇറാനെ അമേരിക്കയുടെ പിന്തുണയോടെ ഒറ്റപ്പെടുത്തി കടന്നാക്രമിക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നത്. എന്നാൽ ആ പണി ഇപ്പോൾ ശരിക്കും പാളിയിട്ടുണ്ട്. ഇറാൻ്റെ ശത്രുക്കൾ പോലും മിത്രങ്ങളായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ ദൃശ്യമാകുന്നത്.
സൗദി അറേബ്യയും യുഎഇയും തുർക്കിയും ഉൾപ്പെടെ 57 അറബ് – ഇസ്ലാമിക രാജ്യങ്ങൾ കൂടി ഇറാന് പിന്തുണയുമായി രംഗത്ത് വന്നു കഴിഞ്ഞിട്ടുണ്ട്. ഇത് മാറുന്ന ലോകത്തെ വേറിട്ട കാഴ്ചയാണ്. ഈ അറബ് രാജ്യങ്ങളിൽ ചിലയിടങ്ങളിൽ, അമേരിക്കൻ സൈനിക ക്യാംപുകൾ ഉണ്ടെന്നതും നാം ഓർക്കണം. തങ്ങളുടെ മണ്ണിൽ നിന്നു മടങ്ങാൻ അവർ ആവശ്യപ്പെട്ടാൽ പഴയ പോലെ കണ്ണുരുട്ടി തുടരാൻ അമേരിക്കയ്ക്ക് കഴിയുകയില്ല. സൗദി അറേബ്യയും ഇറാനും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാൻ ഇടപെട്ട ചൈനയും റഷ്യൻ ചേരിയിൽ ശക്തമായി നിലയുറപ്പിച്ചിട്ടുണ്ട്. അമേരിക്ക കൈവിട്ട കളിക്ക് മുതിർന്നാൽ അപ്പുറത്തും അതേ മാർഗ്ഗം തന്നെയാണ് സ്വീകരിക്കപ്പെടുക. അതാകട്ടെ വ്യക്തവുമാണ്.
യഥാർത്ഥത്തിൽ പുതിയ ആക്രമണത്തിലൂടെ അമേരിക്കയെ നേരിട്ട് സംഘർഷത്തിലേക്ക് വലിച്ചിഴക്കുകയാണ് ഇപ്പോൾ ഹൂതികൾ ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് അവർ യുഎസ്എസ് എബ്രഹാം ലിങ്കണെ ലക്ഷ്യമിട്ടിരിക്കുന്നത്. ആ തീരുമാനത്തിന് പിന്നിൽ എന്ത് അജണ്ടയാണ് ഉള്ളതെന്നത് വരും ദിവസങ്ങളിലേ വ്യക്തമാകുകയുള്ളൂ. അത് എന്തു തന്നെ ആയാലും ഒരു കാര്യം ഉറപ്പാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം അമേരിക്കയുടെ വിമാനവാഹിനി കപ്പൽ ആക്രമിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് ലോകത്തെ ഞെട്ടിച്ച ഒരാക്രമണം തന്നെയായി മാറും. അക്കാര്യത്തിൽ ഒരുസംശയവും ഉണ്ടാവേണ്ടതില്ല. ലോക രാജ്യങ്ങളിൽ അമേരിക്കയുടെ പ്രതിരോധ കരുത്തുകൂടിയാണ് അതോടെ ചോദ്യം ചെയ്യപ്പെടുക.
വീഡിയോ കാണാം