ഡൽഹി: മുൻ യു.എസ് പ്രസിഡൻറ് ഡൊണൾഡ് ട്രംപിനെതിരായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു.
“എൻറെ സുഹൃത്ത് മുൻ പ്രസിഡൻറെ ഡൊണൾഡ് ട്രംപിന് നേരെയുണ്ടായ ആക്രമണത്തിൽ അഗാധമായ ഉത്കണ്ഠയുണ്ട്. ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ല. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കാൻ ആശംസിക്കുന്നു” -നരേന്ദ്ര മോദി എക്സിൽ എഴുതി.
ശനിയാഴ്ച പെൻസിൽവാനിയയിൽ നടന്ന റാലിക്കിടെയാണ് വധശ്രമമുണ്ടായത്. അക്രമി ട്രംപിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. വെടിവെപ്പിൽ അദ്ദേഹത്തിന്റെ ചെവിക്ക് പരിക്കേറ്റിട്ടുണ്ട്. ട്രംപ് സുരക്ഷിതനാണെന്ന് സുരക്ഷാസേനയും അദ്ദേഹത്തിന്റെ വക്താവും അറിയിച്ചു. സംഭവം ഉണ്ടായപ്പോൾ തന്നെ പെട്ടെന്ന് ഇടപ്പെട്ട സുരക്ഷാസേനയോട് ട്രംപ് നന്ദിയറിയിച്ചതായും വക്താവ് സ്റ്റീവ് ചെങ് പറഞ്ഞു.
അക്രമത്തെ അപലപിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡനും രംഗത്തെത്തി. ട്രംപിനും അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടി പ്രാർഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു.