അഗർത്തല: ത്രിപുരയിൽ ക്ഷേത്രവിഗ്രഹം തകർന്നതിനെ തുടർന്ന് വീടുകളും വാഹനങ്ങളും കത്തിച്ച് അക്രമികൾ. കൈതുർബാരിയിൽ കാളി ദേവിയുടെ പ്രതിഷ്ഠ തകർന്ന നിലയിൽ കണ്ടതിന് പിന്നാലെയാണ് ആക്രമണം. പടിഞ്ഞാറൻ ത്രിപുരയിലെ റാണിർബസാർ ജില്ലയിലെ 12 വീടുകളും നിരവധി വാഹനങ്ങളുമാണ് ഒരു കൂട്ടം ആളുകൾ തീവെച്ച് നശിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.
അക്രമത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ആൾക്കൂട്ടത്തെ കണ്ട് ജനങ്ങൾ ഓടിക്കൂടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഘർഷം ലഘൂകരിക്കാൻ കനത്ത സുരക്ഷാസംവിധാനങ്ങളാണ് സംഭവ സ്ഥലത്ത് നിയോഗിച്ചിട്ടുള്ളത്. റാണിർബസാർ ഉൾപ്പെടുന്ന ജിരാണിയ സബ്ഡിവിഷനിൽ നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. അഞ്ചോ അതിൽ കൂടുതൽ ആളുകളോ കൂട്ടം കൂടി നിൽക്കരുതെന്നും ഉത്തരവുണ്ട്.
Also read: ലഡാക്കില്‍ പുതുതായി അഞ്ച് ജില്ലകള്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
വീടുകൾ കത്തിച്ച സംഭവം ആശങ്കയുണ്ടാക്കുന്നുവെന്നും എല്ലാവരും ക്രമസമാധാനം പാലിക്കണമെന്നും തിപ്ര മോത്ത മേധാവി പ്രദ്യോത് കിഷോർ മാണിക്യ ദെബ്ബാർമ പറഞ്ഞു. ‘നമ്മുടെ നാട് പ്രകൃതി ദുരന്തത്തിൽ വലയുമ്പോൾ ചിലർ മതരാഷ്ട്രീയം കളിക്കുന്നു. അക്രമികളെ അവരുടെ വിശ്വാസങ്ങൾ കണക്കിലെടുക്കാതെ തന്നെ ശിക്ഷിക്കണം. നിയമം എല്ലാവർക്കും ബാധകമാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.