ജറുസലേം: റഫയിലും ജബാലിയയിലും തുടരുന്ന ഇസ്രയേല്‍ ആക്രമണങ്ങളില്‍ 24 മണിക്കൂറിനിടെ 40 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിന് പട്ടണത്തില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ പലസ്തീന് സായുധപ്രസ്ഥാനമായ ഇസ്ലാമിക് ജിഹാദിന്റെ കമാന്‍ഡര്‍ ഇസ്ലാം ഖമയസേഹ് കൊല്ലപ്പെട്ടു. ഖമയസേഹ് താമസിച്ചിരുന്ന കെട്ടിടത്തിനുനേരെയാണു മിസൈല്‍ ആക്രമണമുണ്ടായത്.
വടക്കന്‍ ഗാസയിലെ കമല്‍ അഡ്വാന് ഹോസ്പിറ്റലിനു സമീപം പാര്‍പ്പിടസമുച്ചയത്തിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം 22 പേരും ജബാലിയയില്‍ അല്‍ ഫലൂജ മേഖലയില്‍ വെള്ളമെടുക്കാന്‍ പോയവര്ക്കുനേരെയുണ്ടായ ഷെല്ലാക്രമണത്തില്‍ 8 പേരും കൊല്ലപ്പെട്ടു. യുദ്ധം രൂക്ഷമായതോടെ റഫയില്‍നിന്ന് ആറര ലക്ഷത്തോളം ആളുകളും വടക്കന്‍ ഗാസയില്‍നിന്ന് ഒരു ലക്ഷം പേരും പലായനം ചെയ്തു.
അതിനിടെ, ചെങ്കടലില്‍ യെമന്‍ തീരത്തു പാനമ പതാകയുള്ള ക്രൂഡ് ഓയില്‍ ടാങ്കറിനുനേരെ ഹൂതികള്‍ മിസൈലാക്രമണം നടത്തി. കപ്പലില്‍ ചെറിയ തീപിടിത്തമുണ്ടായെങ്കിലും അണച്ചു. റഫയിലെ ഇസ്രയേല്‍ ആക്രമണം തടയണമെന്നാവശ്യപ്പെട്ടു ദക്ഷിണാഫ്രിക്ക നല്കിയ പരാതിയില്‍ ഹേഗിലെ യുഎന്‍ കോടതിയില്‍ വാദം പൂര്‍ത്തിയാക്കി. യുഎന്നിന്റെ പലസ്തീന് അഭയാര്‍ഥി സംഘടനയ്ക്ക് (യുഎന്‍ആര്‍ഡബ്ല്യുഎ) ഏര്‍പ്പെടുത്തിയ വിലക്ക് ഓസ്ട്രിയ പിന്‍വലിച്ചു.