നെടുങ്കണ്ടം: കല്ലാറില്‍ വനം വകുപ്പ് ഓഫിസിന്റെ മൂക്കിനു താഴെ കെ.എസ്.ഇ.ബിയുടെ ഭൂമിയില്‍നിന്നും ചന്ദനമരം മുറിച്ചുകടത്താന്‍ ശ്രമം. കല്ലാര്‍ അണക്കെട്ടിന്റെ ക്യാച്ച്മെന്റ് ഏരിയയില്‍ നിന്ന ചന്ദനമരമാണ് മുറിച്ചുകടത്താന്‍ ശ്രമിച്ചത്.
10 വര്‍ഷം പഴക്കവും 25 സെന്റീമീറ്ററോളം വണ്ണവുമുള്ള മരമാണ് മുറിച്ചുകടത്താന്‍ ശ്രമിച്ചത്. മരത്തിന്റെ മുകള്ഭാഗം മുറിച്ചിട്ട നിലയിലാണ്. ചിന്നാര്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫിസിന് 100 മീറ്റര്‍ മാത്രം അകലെ കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്ന ചന്ദനമരമാണ് മുറിച്ച് കടത്താന്‍ ശ്രമിച്ചത്. ശനിയാഴ്ച പുലര്‍ച്ച തൊട്ടടുത്ത് സംഭവം നടന്നിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിഞ്ഞത് വൈകീട്ട് അഞ്ചിനു ശേഷമാണ്.
മുകള്ഭാഗം മുറിച്ച ശേഷം അടിവശം മുറിക്കുന്നതിനിടയില്‍ തൊട്ടടുത്തുള്ള വഴിയിലൂടെ വാഹനങ്ങള്‍ കടന്നുപോയതോടെ മോഷ്ടാക്കള്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. നേരം പുലര്‍ന്നതോടെ സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ കെ.എസ്.ഇ.ബിയുടെ ഡാം സെക്യൂരിറ്റി ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. കെ.എസ്.ഇ.ബി സെക്യൂരിറ്റി ജീവനക്കാര്‍ വിഷയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടര്‍ന്ന് വൈകീട്ടോടെയാണ് ചിന്നാര്‍ ഫോറസ്റ്റ് സെക്ഷനില്‍നിന്നും ഉദ്യോഗസ്ഥര്‍ എത്തിയത്.
Also Read:മേലാറ്റൂർ-പുലാമന്തോൾ പാത; കരാർ കമ്പനിയെ നീക്കി
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ചിന്നാര്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫിസര്‍ പറഞ്ഞു. എന്നാല്‍, വര്‍ഷങ്ങളായി പട്ടം കോളനി മേഖലയില്‍ നിരവധി ചന്ദനമരങ്ങള്‍ മോഷണം പോയത് ഇതുവരെ പിടികൂടാനായിട്ടില്ലെന്നാണ് ചന്ദനമരം നഷ്ടപ്പെട്ട ഭൂവുടമകള്‍ പറയുന്നത്.