വടുതല: സൈനിക ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഫോണില്‍ വിളിച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിക്കവെ യുവാവിന്റെ സമയോചിത ഇടപെടല്‍ രക്ഷയായി. കഴിഞ്ഞ ദിവസം വടുതല ജങ്ഷനിലെ ഒരു വ്യാപാര സ്ഥാപനത്തിലായിരുന്നു സംഭവം. സൈനിക ക്യാമ്പിലേക്ക് ഒരു ചാക്ക് അരി ആവശ്യപ്പെട്ട് ഫോണ്‍ വിളിക്കുകയായിരുന്നു. അരി ചാക്ക് ഇല്ലായെന്ന് പറഞ്ഞപ്പോള്‍ 20 കിലോ ആവശ്യപ്പെടുകയും പണം ഫോണിലേക്ക് ഗൂഗിള്‍പേ ഇട്ടതിന് ശേഷം വണ്ടി അയക്കാമെന്ന് പറയുകയും ചെയ്തു. നമ്പര്‍ ഉറപ്പിക്കാന്‍ ഒരു രൂപ അയക്കുകയും സ്‌ക്രീന്‍ ഷോട്ട് അയച്ച് കൊടുക്കുകയും ചെയ്തു.
അരിയുടെ വില 1200 ന് പകരം അറിയാതെ 12000/- അയച്ച് പോയെന്നും ബാക്കി തുക അയച്ച് കൊടുക്കണമെന്ന് പറയുകയും സ്‌ക്രീന്‍ ഷോട്ട് അയക്കുകയും ചെയ്തു്. അത് പരിശോധിച്ചപ്പോഴാണ് കൃത്യമായി ഉണ്ടാക്കിയ മെസേജാണെന്ന് മനസ്സിലായത്. വീണ്ടും വിളിച്ചപ്പോള്‍ തട്ടിപ്പ് മനസ്സിലായി എന്നറിഞ്ഞ് ഫോണ്‍ കട്ടാക്കി. തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ഒരു സൈനിക ഉദ്യോഗസ്ഥന്റെ ചിത്രമാണ് പ്രൊഫൈല്‍ ചിത്രമായി കൊടുത്തിരിക്കുന്നത്. ഹിന്ദിയിലും മനസ്സിലാകാന്‍ വേണ്ടി മുറി മലയാളത്തിലുമൊക്കെയായിരുന്നു സംസാരം. സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.