കോട്ട: പ്ലസ്ടു വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. രാജസ്ഥാനിലെ കോട്ടയിലെ ജുൽമി ഗ്രാമത്തിലുള്ള സർക്കാർ സീനിയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ 32 കാരൻ വേദ് പ്രകാശ് ഭൈർവയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർഥിനിയുടെ പരാതിയിലാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. അധ്യാപകൻ തന്നെ പലതവണ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നു.
അറസ്റ്റിന് ശേഷം പോക്സോ കോടതിയിൽ ഹാജരാക്കിയ അധ്യാപകനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അധ്യാപകൻ ശാരീരിക ബന്ധത്തിലേർപ്പെടാൻ തന്നെ പലതവണ നിർബന്ധിക്കുകയും ബലം പ്രയോഗിച്ച് കയ്യിൽ പിടിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്നും വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നു. വിദ്യാർത്ഥി ഇക്കാര്യം ക്ലാസ് ടീച്ചറോടും പ്രിൻസിപ്പലിനോടും പറഞ്ഞിരുന്നു. എന്നാൽ സ്കൂൾ അധികൃതർ പരാതിയിൽ നടപടിയെടുത്തില്ലെന്ന് പൊലീസ് പറഞ്ഞു.
Also read: കൊച്ചിയില്‍ വന്‍ സെക്‌സ് റാക്കറ്റ്; ബംഗ്ലദേശ് യുവതിയെ 20 പേർക്ക് നൽകി
അറസ്റ്റിന് പിന്നാലെ അധ്യാപകൻ വേദ് പ്രകാശിനേയും വിദ്യാർഥിനിയുടെ പരാതിയിൽ നടപടി എടുക്കാൻ വൈകിയ സ്കൂൾ പ്രിൻസിപ്പലിനേയും സസ്പെൻഡ് ചെയ്തു. സംസ്ഥാന വിദ്യാഭ്യാസമന്ത്രി മദൻ ദിലാവറുടെ നിർദേശത്തെ തുടർന്നാണ് ഇരുവരേയും സസ്പെൻഡ് ചെയ്തത്. വിവരമറിഞ്ഞ് രോഷാകുലരായ നൂറുകണക്കിന് ഗ്രാമവാസികൾ സ്കൂളിൽ പ്രതിഷേധവുമായെത്തി. അധ്യാപകനെ അണിയിക്കാൻ ചെരുപ്പുമാലയുമാണ് നാട്ടുകാരെത്തിയത്. പ്രതിഷേധം കനത്തതോടെ വലിയ പൊലീസ് സംഘം സ്കൂളിലെത്തി. പിന്നീട് അധ്യാപകനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.