CMDRF

കൊലപാതകശ്രമം: ജാമ്യത്തിലിറങ്ങിയ പ്രതി രണ്ട് പതിറ്റാണ്ട് ശേഷം പിടിയില്‍

കൊലപാതകശ്രമം: ജാമ്യത്തിലിറങ്ങിയ പ്രതി രണ്ട് പതിറ്റാണ്ട് ശേഷം പിടിയില്‍
കൊലപാതകശ്രമം: ജാമ്യത്തിലിറങ്ങിയ പ്രതി രണ്ട് പതിറ്റാണ്ട് ശേഷം പിടിയില്‍

അമ്പലപ്പുഴ: സഹോദരീഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലായി ജാമ്യത്തില്‍ ഇറങ്ങിയ ശേഷം നാടുവിട്ട പ്രതി 20 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. അമ്പലപ്പുഴ കരുമാടി ലക്ഷം വീട് കോളനിയില്‍ പ്രസാദാണ് (55) പിടിയിലായത്. കര്‍ണാടക – തമിഴ്നാട് ബോര്‍ഡറില്‍ നിന്നുമാണ് ഇയാള്‍ പിടിയിലാകുന്നത്. ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ നടത്തുന്ന എല്‍.പി വാറണ്ട് റെയ്ഡിന്റെ ഭാഗമായി നടത്തിയ അന്വേഷണമാണ് 20 വര്‍ഷം പഴക്കമുള്ള കേസിലെ പ്രതിയുടെ അറസ്റ്റിലേക്ക് നയിച്ചത്. 2004 ഫെബ്രുവരി അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ രണ്ടാമത്തെ സഹോദരിയുടെ ഭര്‍ത്താവായ ശശികുമാറുമായുണ്ടായ വാക്ക്തര്‍ക്കത്തിനിടെ സഹോദരി ഭര്‍ത്താവ് ശശികുമാറിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് കൊലപാതക ശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയശേഷം ഇയാള്‍ നാട് വിടുകയുമായിരുന്നു.

ഇതിനിടെ പ്രസാദിന്റെ ബന്ധുക്കള്‍ മുഴുവനും കരുമാടിയില്‍ നിന്ന് താമസം മാറിയിരുന്നു. പിന്നീട് പ്രസാദിനെ പറ്റി ഒരു വിവരവും ലഭിച്ചിരുന്നില്ല. പൊലീസ് അന്വേഷണത്തില്‍ പ്രസാദിന്റെ ജ്യേഷ്ഠ സഹോദരി പന്തളത്ത് താമസിക്കുന്നുണ്ട് എന്നറിയാന്‍ കഴിഞ്ഞു. ഇവരുടെ മൊബൈല്‍ ലിസ്റ്റ് പരിശോധിച്ചതില്‍ കര്‍ണ്ണാടകയിലെ ബൊമ്മഹളില്‍ നിന്നും ആരോ വിളിച്ചതായ രേഖകള്‍ ലഭിച്ചു. തുടര്‍ന്ന് സൈബര്‍ സെല്‍ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രസാദ് രണ്ടാമത് വിവാഹം ചെയ്ത ഭാര്യ ജോലി ചെയ്യുന്ന തമിഴ് നാട്ടിലെ ഹൊസൂര്‍ എന്ന സ്ഥലത്ത് നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എന്‍. രാജേഷിന്റെ മേല്‍നോട്ടത്തില്‍ അമ്പലപ്പുഴ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എം. പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ടോള്‍സണ്‍ പി.ജോസഫ്, ഗ്രേഡ് എസ്.ഐ ഹനീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബിബിന്‍ദാസ്, സിദ്ദീഖുല്‍ അക്ബര്‍, വിഷ്ണു. ജി, ജോസഫ് ജോയി, മാത്യു, ഡി.വി.ആര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അനീഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Top