നെടുങ്കണ്ടം: കുമളി മൂന്നാര്‍ ഭാഗത്തെ സംസ്ഥാന പാതയില്‍ നെടുങ്കണ്ടത്തിനടുത്ത് പാറത്തോട്ടില്‍ എ.ടി.എം. മെഷീന് കുത്തിത്തുറന്ന് പണം മോഷ്ടിക്കാന്‍ ശ്രമം. പാറത്തോട് ടൗണില്‍ സ്ഥാപിച്ചിരുന്ന സ്വകാര്യ കമ്പനിയുടെ എ.ടി.എം. മെഷീന് കുത്തിത്തുറക്കാനാണ് നിലവിൽ ശ്രമം നടന്നത്. എന്നാൽ പണം മോഷ്ടിക്കാനായിട്ടില്ലെന്നാണ് എ.ടി.എം അധികൃതര്‍ പറയുന്നത്.
സ്വകാര്യ എ.ടി.എം. മെഷീനിന്റെ മുന്‍ഭാഗം ശക്തിയേറിയ ആയുധം ഉപയോഗിച്ച് കുത്തിത്തുറന്ന നിലയിലായിരുന്നു. എന്നാല്‍ പണം നിക്ഷേപിച്ച ലോക്കര്‍ തകര്‍ക്കാന്‍ മോഷ്ടാക്കൾക്ക് കഴിഞ്ഞില്ല. ചൊവ്വാഴ്ച രാവിലെ പണമെടുക്കാന്‍ എത്തിയ സ്ത്രീയാണ് മോഷണ വിവരം ആദ്യമറിഞ്ഞത്. തുടർന്ന് ഉടൻ തന്നെ എ.ടി.എം. ഫ്രാഞ്ചൈസി എടുത്ത് നടത്തുന്ന ആള് ഉടുമ്പന്‍ചോല പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
Also Read: ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത 19 വയസ്സുകാരൻ അറസ്റ്റിൽ
തിങ്കളാഴ്ച രാത്രിയിൽ പതിനൊന്നരയോടെയാകാം സംഭവമെന്നാണ് പൊലീസ് നിഗമനം. അതേസമയം കൃത്യം നടക്കുമ്പോള്‍ സുരക്ഷ മുന്നറിയിപ്പ് സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. പണം സൂക്ഷിച്ചിരിക്കുന്ന ലോക്കര്‍ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ മാത്രമേ ഇത് പ്രവര്‍ത്തിക്കൂ എന്നാണ് എ.ടി.എം. നടത്തിപ്പുകാര്‍ പറയുന്നത്. മോഷണ ശ്രമത്തിന് രണ്ടുദിവസം മുമ്പാണ് എ.ടി.എമ്മില്‍ പണം നിറച്ചത്. ഉടുമ്പന്‍ചോല പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. നിലവിൽ സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.