കൊച്ചി: കേരളാ പൊലീസിന്റെ മികവ് പരിശോധിക്കാനിറങ്ങി 22-കാരന്‍. ഗള്‍ഫ് പോലീസാണോ കേരള പൊലീസാണോ മികച്ചത് എന്നായിരുന്നു മൊഗ്രാല്‍ കൊപ്പളത്തെ എ എം മൂസഫഹദിന് അറിയേണ്ടിയിരുന്നത്. പിന്നെ ഒന്നും നോക്കിയില്ല, മൊഗ്രാലിലുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം തന്നെ കുത്തിത്തുറന്ന് മോഷണം നടത്താനുള്ള ശ്രമം ആരംഭിച്ചു. ജൂലൈ 31-നായിരുന്നു സംഭവം നടന്നത്. മോഷണം നടത്തുന്നതിനിടെ പൊലീസ് വാഹനത്തിന്റെ ശബ്ദം കേട്ട മൂസഫഹദ് ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടോടി. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ കൃത്യമായി മൂസഫഹദിന്റെ ശ്രമം പതിഞ്ഞതോടെ പെലീസിന്റെ നിരീക്ഷണം പ്രതിയിലേക്കായി. തുടര്‍ന്ന് ഞായറാഴ്ച വൈകീട്ടോടെ പ്രതിയെ പിടികൂടുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
നാല് വര്‍ഷമായി ഗള്‍ഫിലായിരുന്ന പ്രതി, നാട്ടില്‍ വന്നതിന് ശേഷം ജോലിയൊന്നുമില്ലാതെ കറങ്ങി നടക്കുകയായിരുന്നുവെന്നും റോബിന്‍ഹുഡ് സിനിമകളുടെ ആരാധകനായ യുവാവിന്റെ ലക്ഷ്യം പൊലീസിന്റെ മികവ് പരിശോധിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇതിനായി സ്വന്തം നാട്ടിലുള്ള എടിഎം തന്നെ പ്രതി തിരഞ്ഞെടുത്തു. അറസ്റ്റ് ചെയ്യുമ്പോള്‍ യുവാവിന്റെ കൈയില്‍ കത്തിയുണ്ടായിരുന്നു. മോഷണ ശ്രമത്തിന് ഉപയോഗിച്ച മുട്ടി, സ്‌ക്രൂ ഡ്രൈവര്‍ എന്നിവയും പ്രതിയുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. കുമ്പള ഇന്‍സ്‌പെക്ടര്‍ കെ പി വിനോദ് കുമാറിനൊപ്പം സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ വിനോദ്, മനോജ്, മനു, സുഭാഷ്, പ്രമോദ്, ചന്ദ്രന്‍, ഗോകുല്‍ എന്നിവരുമുണ്ടായിരുന്നു.