ദോഹ: ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫിന് കീഴിൽ മൂന്ന് വഖഫ് പദ്ധതികൾ പ്രഖ്യാപിച്ച് മന്ത്രി ഗാനിം ബിൻ ശഹീൻ അൽ ഗാനിം. ഔഖാഫ് ജനറൽ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ ലുസൈൽ സിറ്റിയിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രി ഔദ്യോഗികമായി തറക്കല്ലിട്ടു. ലുസൈലിലെ ജബൽ അൽ തുഐലബ്, അൽ മഅ്മൂറ, അബൂ ഹമൂർ എന്നിവിടങ്ങളിലെ പദ്ധതികളുടെ പ്രഖ്യാപനമാണ് നടന്നത്. വിശദാംശങ്ങൾ മന്ത്രി ഗാനിം അൽ ഗാനിം ചടങ്ങിൽ അവതരിപ്പിച്ചു.
881 റെസിഡൻഷ്യൽ യൂണിറ്റുകൾക്കൊപ്പം സമഗ്രമായ സാമൂഹിക, വിനോദ സൗകര്യങ്ങളുമുൾക്കൊള്ളുന്ന രാജ്യത്തെ ഏറ്റവും വലിയ വഖഫ് പദ്ധതിയാണ് ലുസൈലിലെ നിർദിഷ്ഠ ജബൽ തുഐലബ് വഖഫ്. സ്ക്വാഷ് കോർട്ടുകൾ, ഇൻഡോർ -ഔട്ട്ഡോർ നീന്തൽക്കുളങ്ങളുമുള്ള കായികാരോഗ്യ സൗകര്യങ്ങൾക്കൊപ്പം വാണിജ്യ, സാമൂഹിക, വിനോദ ക്ലബുകളും ജബൽ തുഐലബ് പദ്ധതിയിലുൾപ്പെടുന്നു. ഒരു കിന്റർഗാർട്ടൻ, കൺവെൻഷൻ സെന്റർ, പള്ളി, വിദ്യാർഥിനികൾക്കായുള്ള ഖുർആൻ പഠന കേന്ദ്രം എന്നിവയും സ്ഥാപിക്കും.
Also Read:ട്രാഫിക് പിഴയിളവ് ; ഇന്ന് അവസാനിക്കും
മഅ്മൂറയിൽ 12,570 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സ്ഥാപിക്കുന്ന പദ്ധതിയിൽ മൂന്ന് നിലകളിലുള്ള ഓഫിസ് കെട്ടിടവും 99 പാർക്കിങ് കേന്ദ്രവും നിർമിക്കും. ശേഷിക്കുന്ന ഭാഗത്ത് 20 വില്ലകളുള്ള റെസിഡൻഷ്യൽ ഏരിയ, വിനോദ ആരോഗ്യ ക്ലബ് എന്നിവയും പൂർത്തിയാക്കും. പരമ്പരാഗത ഖത്തരി ശൈലിയും ആധുനിക രീതികളും സമന്വയിപ്പിച്ചാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്.
43 റീട്ടെയിൽ സ്റ്റോറുകളും രണ്ട് എക്സിബിഷൻ ഹാളുകളും 89 ഓഫിസുകൾ, 187 പാക്കിങ് സ്പോട്ടുകൾ, സേവന സൗകര്യങ്ങൾ എന്നിവയുൾപ്പെടെ 14,650 ചതുരശ്രമീറ്റർ വിസ്തൃതിയിൽ അബൂഹമൂറിലാണ് മൂന്നാമത് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. പദ്ധതികളിലൂടെ മത, മെഡിക്കൽ, വിദ്യാഭ്യാസ, സാമൂഹിക ആവശ്യങ്ങളുൾപ്പെടെ ഖത്തരി സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനം നൽകുകയാണ് ലക്ഷ്യമിടുന്നതെന്ന് ഔഖാഫ് പ്രദർശിപ്പിച്ച വിഡിയോയിൽ മന്ത്രാലയത്തിലെ അസി. അണ്ടർ സെക്രട്ടറി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് അൽ ഗാനിം പറഞ്ഞു.
Also Read:പാസ്പോര്‍ട്ട് സേവനങ്ങൾ താല്‍ക്കാലികമായി നിര്‍ത്തി: മസ്ക്കറ്റ് ഇന്ത്യന്‍ എംബസി
വഖഫ് സംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഉദാരമതികളുടെ ആഗ്രഹാഭിലാഷങ്ങളെ മാനിക്കുന്നതിനും സുസ്ഥിര വികസനം കൈവരിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പദ്ധതികളെന്നും അദ്ദേഹം പറഞ്ഞു.