സിഡ്‌നി: ലാഭം പ്രതീക്ഷിക്കാതെ ദുരിതബാധിത മേഖലകളില്‍ ഭക്ഷണ സാധനങ്ങള്‍ എത്തിക്കുന്ന വേള്‍ഡ് സെന്‍ട്രല്‍ കിച്ചനിലെ പ്രവര്‍ത്തകര്‍ അടക്കം കൊല്ലപ്പെട്ട ഗാസയിലെ ആക്രമണത്തില്‍ ഇസ്രയേല്‍ സൈന്യത്തിന് സംഭവിച്ചത് ഗുരുതര പിഴവുകളെന്ന് ഓസ്‌ട്രേലിയ. വെള്ളിയാഴ്ച പുറത്ത് വന്ന ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ അവലോകന റിപ്പോര്‍ട്ടിലാണ് ഡ്രോണ്‍ ആക്രമണത്തില്‍ ഇസ്രയേല്‍ സൈന്യത്തിന് സംഭവിച്ച പിഴവുകള്‍ എണ്ണിയെണ്ണി വിശദമാക്കുന്നതെന്നാണ് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രില്‍ 1ന് ഗാസയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഓസ്‌ട്രേലിയ, കാനഡ, പോളണ്ട്, ബ്രിട്ടന്‍, അമേരിക്ക, പാലസ്തീന്‍ സ്വദേശികളായ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.
ഇസ്രയേലി സൈന്യത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയുള്ളതാണ് ഓസ്‌ട്രേലിയയുടെ റിപ്പോര്‍ട്ട്. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് (ഐഡിഎഫ്) നടപടിക്രമങ്ങള്‍ പിന്തുടരുന്നതില്‍ പരാജയപ്പെട്ടുവെന്നും തിരിച്ചറിയാന്‍ തെറ്റായ തീരുമാനങ്ങളെടുത്തുവെന്നുമാണ് ഓസ്‌ട്രേലിയ വിശദമാക്കുന്നത്. സംഭവത്തില്‍ ഉത്തരവാദിത്തമുള്ളവര്‍ അത് ഏറ്റെടുക്കാനും ക്രിമിനല്‍ കുറ്റങ്ങള്‍ അടക്കമുള്ളവ ചുമത്താനുമുള്ള പൂര്‍ണമായ ശ്രമം ഓസ്‌ട്രേലിയ നടത്തുമെന്നാണ് വിദേശകാര്യ മന്ത്രി പെന്നി വോംഗ് വ്യക്തമാക്കിയത്.
ഡ്രോണ്‍ ആക്രമണത്തില്‍ വേള്‍ഡ് സെന്‍ട്രല്‍ കിച്ചനിലെ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യാന്തര തലത്തില്‍ ഐഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ ഐഡിഎഫ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഡ്രോണ്‍ ആക്രമണം നടത്തിയ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഐഡിഎഫ് പുറത്താക്കിയിരുന്നു. ആക്രമണം ഗുരുതരമായ പിഴവാണെന്ന് വ്യക്തമാക്കിയായിരുന്നു നടപടി. ഇസ്രയേല്‍ സൈന്യത്തിന്റെ അനുമതിയോടെയായിരുന്നു വേള്‍ഡ് സെന്‍ട്രല്‍ കിച്ചന്റെ മേഖലയിലെ പ്രവര്‍ത്തനം. ഗാസയിലെ ദേര്‍ അല്‍ ബലായില്‍ വച്ചാണ് വേള്‍ഡ് സെന്‍ട്രല്‍ കിച്ചന്റെ കോണ്‍വോയ്‌ക്കെതിരെ ഇസ്രയേലിന്റെ ഡ്രോണ്‍ ആക്രമണമുണ്ടായത്. ഹമാസിന്റെ ആയുധധാരികളെ കൊണ്ടുപോവുകയാണെന്ന് ആരോപിച്ചായിരുന്നു സെന്‍ട്രല്‍ കിച്ചന്റെ കോണ്‍വോയ് ഇസ്രയേല്‍ ആക്രമിച്ചത്.
ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ മുന്‍ സൈനിക മേധാവിയെ സംഭവം അവലോകനം ചെയ്യാനായി ഓസ്‌ട്രേലിയ നിയമിച്ചിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടാണ് വെള്ളിയാഴ്ച പുറത്ത് വന്നത്.