മഹീന്ദ്ര ഥാര്‍ 5 ഡോര്‍ വിപണിയിലേക്ക് എത്തുന്നതിന് മുന്നോടിയായിട്ടുള്ള പരീക്ഷണ ഓട്ടത്തിലാണ്. ഇപ്പോഴിതാ ഈ വാഹനത്തിന്റെ മെക്കാനിക്കല്‍ സവിശേഷതകള്‍ സംബന്ധിച്ച സൂചനകള്‍ പുറത്തുവന്നിരിക്കുകയാണ്. മഹീന്ദ്ര ഥാര്‍ അഞ്ച് ഡോറിന് 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണുള്ളത്. 1.5 ലീറ്റര്‍ എന്‍ജിന് 117 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ലഭിക്കും. രണ്ടു വീല്‍ ഡ്രൈവ് മോഡലില്‍ മാത്രമായിരിക്കും ഈ വേരിയന്റ്.
ഥാര്‍ അര്‍മഡ എന്ന പേരിലായിരിക്കും വാഹനം വിപണിയിലെത്തുക എന്നാണ് കരുതുന്നത്. അഞ്ച് ഡോര്‍ പതിപ്പിന് അര്‍മഡ എന്ന പേരു നല്‍കിയാല്‍ മഹീന്ദ്രയുടെ ഐതിഹാസിക മോഡലുകളിലൊന്നിന്റെ തിരിച്ചുവരവാകും അത്. നേരത്തെ ഥാര്‍ 5 ഡോറിന്റെ പരീക്ഷണയോട്ട വിഡിയോയും ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഥാറിന്റെ രൂപഭംഗി നിലനിര്‍ത്തി നീളം കൂട്ടിയെത്തുന്ന വാഹനം മഹീന്ദ്ര ആരാധകര്‍ ഏറെ ആകംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ലാഡര്‍ ഫ്രെയിം ഷാസിയോടെ 2021ല്‍ വിപണിയിലെത്തിയ ഥാറിനു കരുത്തേകാന്‍ ഒരു പെട്രോള്‍ എന്‍ജിനും രണ്ട് ഡീസല്‍ എന്‍ജിനുമാണ് ഥാറിനുള്ളത്. 112 കിലോവാട്ട് വരെ കരുത്തും 300 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന, രണ്ടു ലീറ്റര്‍ എം സ്റ്റാലിയന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനു കൂട്ട് ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ ബോക്സുകളാണ്.
97 കിലോവാട്ട് വരെ കരുത്തും 300 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവുന്ന 2.2 ലീറ്റര്‍ എം ഹോക്ക് ഡീസല്‍ എന്‍ജിനൊപ്പവും ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗീയര്‍ബോക്സുകള്‍ ലഭ്യമാണ്. 87.2 കിലോവാട്ട് കരുത്തുള്ള 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന് മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണുള്ളത്. 1.5 ലീറ്റര്‍ എന്‍ജിന്‍ റിയര്‍വീല്‍ ഡ്രൈവില്‍ മാത്രം ലഭിക്കുമ്പോള്‍ 2 ലീറ്റര്‍ പെട്രോള്‍, 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ നാലു വീല്‍ ഡ്രൈവ് ലേ ഔട്ടിലും ലഭിക്കും.