പഴയ വാഹനം പൊളിക്കുന്നവർക്ക് പുതിയ വാഹനത്തിന് വിലക്കിഴിവ്; ഉറപ്പുനൽകി വാഹന നിർമാതാക്കൾ.കാലാവധി കഴിഞ്ഞ പഴയ വാഹനങ്ങൾ പൊളിച്ച് പുതിയ വാഹനങ്ങൾ വാങ്ങുന്നവർക്ക് ഈ ഉത്സവകാലത്ത് 1.5 ശതമാനം മുതൽ മൂന്നു ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ച് വാഹന നിർമാതാക്കൾ. പഴയ വാഹനങ്ങൾ നിരത്തുകളിൽനിന്ന് നീക്കാനുള്ള ‘സ്‌ക്രാപ്പേജ് പദ്ധതി’യെക്കുറിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വാഹന നിർമാതാക്കളുടെ കൂട്ടായ്മയായ സിയാമിന്റെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.കാർ നിർമാതാക്കളും വാണിജ്യ വാഹന നിർമാതാക്കളും വിലക്കിഴിവിന് സമ്മതം അറിയിച്ചിട്ടുണ്ട്. പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്ന പഴയ വാഹനങ്ങൾ നിരത്തുകളിൽനിന്ന് നീക്കം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മാരുതി സുസുകി, ടാറ്റാ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, കിയ മോട്ടോഴ്സ്, ടൊയോട്ട കിർലോസ്‌കർ, ഹോണ്ട കാർസ്, ജെ.എസ്.ഡബ്ല്യു. എം.ജി. മോട്ടോഴ്സ്, റെനോ ഇന്ത്യ, നിസ്സാൻ ഇന്ത്യ, സ്‌കോഡ ഫോക്‌സ്വാഗൻ എന്നീ കാർ നിർമാതാക്കൾ 1.50 ശതമാനമോ 20,000 രൂപയോ ഏതാണോ കുറവ് അതായിരിക്കും വിലക്കിഴിവായി നൽകുക. മെഴ്സിഡസ് ബെൻസ് 25,000 രൂപയാണ് ഇളവ് നൽകുക.കഴിഞ്ഞ ആറു മാസത്തിനിടെ പഴയ വാഹനം പൊളിച്ച് സ്‌ക്രാപ്പേജ് സർട്ടിഫിക്കറ്റ് നേടിയവർക്കാണ് ഈ ഇളവ് ലഭിക്കുക. എക്‌സ്ചേഞ്ചിന് ഇളവുണ്ടാകില്ല. പൊളിച്ച വാഹനത്തിന്റെ വിവരങ്ങൾ വാഹൻ വെബ്സൈറ്റിൽ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
Also Read:നോയ്‌സ് ബഡ്‌സ് എൻ1 ടിഡബ്ല്യുഎസ് ഇയർബഡ് ലോഞ്ച് ചെയ്തു
വാണിജ്യ വാഹനങ്ങളിൽ ടാറ്റാ മോട്ടോഴ്സ്, വോൾവോ ഐഷർ, അശോക് ലെയ്ലാൻഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഫോഴ്സ് മോട്ടോഴ്സ്, ഇസുസു, എസ്.എം.എൽ. ഇസുസു എന്നീ കമ്പനികൾ മൂന്നു ശതമാനം വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബസുകൾ, വാനുകൾ എന്നിവയ്ക്കും ഇളവ് ബാധകമായിരിക്കും