വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രചരണം കൊഴുപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി കമല ഹാരിസ്. അവസാന മണിക്കൂറിൽ കമലയ്ക്കായി വോട്ടഭ്യർത്ഥിച്ചതാകട്ടെ സാക്ഷാൽ അവഞ്ചേഴ്‌സ് ഹീറോസ്.
മാർവെൽ സിനിമാറ്റിക് യൂണിവേഴ്‌സിലെ അയൺ മാനായി വേഷമിട്ട റോബർട്ട് ഡൗണി ജൂനിയർ, ക്യാപ്റ്റൻ അമേരിക്കയായ ക്രിസ് ഇവാൻസ്, ബ്ലാക്ക് വിഡോയായ സ്‌കാർലറ്റ് ജോൺസൺ, ഹൾക്ക് ആയി വേഷമിട്ട മാർക്ക് റുഫല്ലോ, ഒക്കോയിയായ ഡാനായി ഗുറിയ, വിഷനായ പോൾ ബെറ്റാണി എന്നിവരാണ് കമലയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
വീഡിയോ കോൾ വഴി പ്രത്യക്ഷപ്പെട്ട താരങ്ങൾ കമലയ്ക്കായി വോട്ട് അഭ്യർത്ഥിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് ഒന്നിച്ച് വരാൻ സാധിച്ചതിലും കമല ഹാരിസിന് വേണ്ടി വോട്ട് അഭ്യർത്ഥിക്കാൻ സാധിച്ചതിലും സന്തോഷമുണ്ടെന്ന് ഡാനായി ഗുറിയ പറഞ്ഞു.
Also Read: പ്രതിരോധം ശക്തമാക്കാൻ ‘അയണ്‍ ബീം’ സംവിധാനമൊരുക്കി ഇസ്രയേല്‍
സ്‌കാർലെറ്റ് ജോൺസണാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ താരങ്ങളെയും ഒരുമിച്ച് കൊണ്ടുവന്നത്. അവഞ്ചേഴ്‌സ് തീമിലാണ് താരങ്ങൾ പ്രചരണം നടത്തിയത്. ഒന്നര മിനുട്ട് നീണ്ട് നിൽക്കുന്ന പ്രചരണ വീഡിയോ റോബർട്ട് ഡൗണി ജൂനിയർ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ചിട്ടുണ്ട്. ഹൾക്ക് ആയി വേഷമിട്ട മാർക്ക് റുഫലോ ഡെമോക്രാറ്റ് അനുഭാവി കൂടിയാണ്. അദ്ദേഹം തന്റെ എക്‌സ് പോസ്റ്റിൽ പങ്കുവെച്ച വീഡിയോയിൽ ആരും തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിൽക്കരുതെന്നും അങ്ങനെ വന്നാൽ നമുക്ക് വലിയ നഷ്ടം സംഭവിക്കുമെന്നും അറിയിക്കുന്നുണ്ട്.
‘പ്രൊജക്ട് 2025, സ്ത്രീകളുടെ പ്രത്യുൽപാദന അവകാശങ്ങൾ (reproductive rights), കാലാവസ്ഥാ വ്യതിയാനം, എൽ.ജി.ബി.ടി.ക്യു.ഐ.എ.പ്ലസ് അവകാശങ്ങൾ, പൊതുവിദ്യാഭ്യാസം, വിദ്യാർത്ഥികളുടെ കടാശ്വാസം, സാമൂഹിക സുരക്ഷ, ജീവൻ രക്ഷാ വാക്‌സിനുകൾ ഇവയെല്ലാം യഥാർത്ഥ്യമാകാൻ പോവുകയാണ്. അതിനാൽ അവസരങ്ങൾ നഷ്ടപ്പെടുത്തരുത്,’ മാർക്ക് റുഫല്ലോ എക്‌സിൽ കുറിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ ഈ വീഡിയോ ഡൗൺ വിത്ത് ഡെമോക്രസി എന്ന പേരിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇവർക്ക് പുറമെ ജെന്നിഫർ ആനിസ്റ്റൺ, ടെയ്ലർ സ്വിഫ്റ്റ്, ലിയോനാർഡോ ഡികാപ്രിയോ, ബിയോൺസ്, സാറാ ജെസീക്ക പാർക്കർ, എമിനെം, ബെൻ സ്റ്റില്ലർ, വില്ലി നെൽസൺ, ചെർ, മാർക്ക് ആന്റണി, ലിസോജിറ്റ, മാരിസ്‌ക , ആൻ ഹാ ത്‌വെ, നീൽ യംഗ്, ജെന്നിഫർ ലോറൻസ്, ബില്ലി ഐലിഷ് എന്നീ താരങ്ങളും കമല ഹാരിസിന് പരസ്യമായ പിന്തുണ പ്രഖ്യാപിച്ചിരുന്നു.