തൃശൂർ: ‘ആവേശം’ മോഡലിൽ ഗുണ്ടാനേതാവിന്റെ പിറന്നാൾ ആഘോഷിക്കാൻ ഒത്തുകൂടിയ 32 പേർ പിടിയിൽ. നേതാവിന്റെ അനുചരസംഘം, ആരാധകർ എന്നിവരുൾപ്പെടെയാണു പിടിയിലായത്. ഇവരിൽ 16 പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇവരെ താക്കീതു ചെയ്തു രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. ക്രിമിനൽ പശ്ചാത്തലമുള്ളവർ ഉൾപ്പെടെ ബാക്കി 16 പേർക്കെതിരെ മുൻകരുതൽ അറസ്റ്റ് രേഖപ്പെടുത്തി. പാർട്ടി തുടങ്ങും മുൻപേ നീക്കം പൊലീസ് പൊളിച്ചതോടെ ഗുണ്ടാത്തലവൻ മൈതാനത്ത് എത്താതെ മുങ്ങി. ഇന്നലെ ഉച്ചയോടെ തേക്കിൻകാട് മൈതാനത്ത് തെക്കേഗോപുരനടയ്ക്കു സമീപത്താണു സംഭവം.
ഗുണ്ടാനേതാവ് കേക്ക് മുറിക്കുന്നതിന്റെ റീൽ തയാറാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ഉദ്ദേശം. ജയിൽ മോചിതനായ മറ്റൊരു ഗുണ്ടാത്തലവനു വേണ്ടി അനുചരന്മാർ കുറ്റൂരിൽ കോൾപാടത്തു പാർട്ടി സംഘടിപ്പിച്ചതിന്റെ റീലുകളും മുൻപു പ്രചരിച്ചിരുന്നു. പൊലീസിന്റെ മൂക്കിനു താഴെ പാർട്ടി നടത്തിയാൽ ലഭിക്കാവുന്ന വാർത്താപ്രാധാന്യം കൂടി കണക്കിലെടുത്തായിരുന്നു പാർട്ടിയുടെ ഒരുക്കങ്ങൾ. ഇന്നലെ ഉച്ചയോടെ തെക്കേഗോപുരനടയ്ക്കു സമീപമെത്തണമെന്നു സമൂഹമാധ്യമങ്ങളിലൂടെ അനുചരന്മാർ സന്ദേശം നൽകി. വിവരം അറിഞ്ഞതോടെ പൊലീസ് നിരീക്ഷണത്തിലായി മൈതാനം. ചെറുപ്പക്കാർ ഒത്തുകൂടിയപ്പോൾ 4 ജീപ്പുകളിൽ പൊലീസ് സംഘമെത്തി വളഞ്ഞിട്ടു പിടിച്ചു. കേക്ക് മുറിക്കാൻ പോലും കഴിഞ്ഞില്ല.