പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി അറിയിച്ച് കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ ഡോ. പി സരിൻ. എന്തുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ എന്ന് നേതൃത്വം ബോധ്യപ്പെടുത്തണമെന്നും പി സരിൻ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി സരിൻ മാധ്യമങ്ങളോട് പറഞ്ഞത്
ജയിലിൽ കിടക്കുന്നത് മാത്രമല്ല ത്യാഗം. രാഹുലിന്റേത് മുൻകൂട്ടി തീരുമാനിച്ച സ്ഥാനാർത്ഥിത്വമാണ്. സ്ഥാനാർത്ഥിക്ക് സ്വീകാര്യത വേണം. സാഹചര്യം ജനത്തെ ബോധ്യപ്പെടുത്താൻ കോൺഗ്രസിനാകണം. രാഷ്ട്രീയക്കാർക്ക് രണ്ട് മുഖം പാടില്ല. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പേരിൽ അനുകമ്പ വോട്ടുകൾ കിട്ടുന്ന ജില്ലയാണ് പാലക്കാട്. നടപടി പേടിച്ച് മിണ്ടാതിരിക്കില്ല.
എന്റെ രാഷ്ട്രീയം കൊണ്ട് എന്റെ തുറന്ന് പറച്ചിലുകൾ കൊണ്ട് കോൺഗ്രസ് പ്രസ്ഥാനത്തിന് ബിജെപിയെ ജയിപ്പിച്ചുവെന്നുള്ള ചീത്തപ്പേര് സമ്മാനിച്ചുകൊടുക്കാൻ എനിക്ക് ബുദ്ധിയും ബോധവും ഉള്ള കാലത്തോളം ഞാനായിട്ട് വരുത്തിവെക്കില്ല. നല്ല തീരുമാനത്തിന് കാത്തിരിക്കുന്നെന്നും പി സരിൻ.