ബഹ്‌റൈൻ ടൂറിസം, ബിസിനസ് മേഖലകളില്‍ ഉണര്‍വ്

ജൂലൈയിലെ കണക്കനുസരിച്ച് 3.3 ദശലക്ഷത്തിലധികം ആളുകളാണ് വിവിധ എന്‍ട്രി പോയന്റുകളിലൂടെ കടന്നുപോയത്

ബഹ്‌റൈൻ ടൂറിസം, ബിസിനസ് മേഖലകളില്‍ ഉണര്‍വ്
ബഹ്‌റൈൻ ടൂറിസം, ബിസിനസ് മേഖലകളില്‍ ഉണര്‍വ്

മനാമ: ടൂറിസം, ബിസിനസ് മേഖലകളില്‍ ഉണര്‍വിന്റെ സൂചന നല്‍കി രാജ്യത്തെത്തിയ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്. ജൂലൈയിലെ കണക്കനുസരിച്ച് 3.3 ദശലക്ഷത്തിലധികം ആളുകളാണ് വിവിധ എന്‍ട്രി പോയന്റുകളിലൂടെ കടന്നുപോയത്. ബഹ്റൈന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, കിങ് ഫഹദ് കോസ്വേ, തുറമുഖങ്ങള്‍ എന്നിവ വഴി രാജ്യത്തേക്ക് പ്രവേശിക്കുകയും പുറത്തുപോകുകയും ചെയ്യുന്ന യാത്രക്കാരുടെ കണക്കാണിത്. ബഹ്റൈനെ സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേയാണ് ഏറ്റവും തിരക്കേറിയ പ്രവേശന കേന്ദ്രം. ജൂലൈയില്‍ 14,07,970 യാത്രക്കാര്‍ കോസ്വേ വഴി ബഹ്റൈനിലേക്ക് പ്രവേശിച്ചു. 14,27,189 യാത്രക്കാര്‍ കോസ്വേയിലൂടെ സൗദിയിലേക്ക് പോകുകയും ചെയ്തു. എയര്‍പോര്‍ട്ട് വഴി 2,23,784 യാത്രക്കാര്‍ ബഹ്റൈനിലെത്തി. 2,47,564 യാത്രക്കാര്‍ ഇവിടെനിന്ന് വിമാനമാര്‍ഗം പോകുകയും ചെയ്തു. തുറമുഖം വഴി 1856 യാത്രക്കാര്‍ പോയപ്പോള്‍ 1892 യാത്രക്കാര്‍ ബഹ്റൈനിലേക്കെത്തി.

ജൂണിലെ കണക്കനുസരിച്ച് മൊത്തം 33,78,007 യാത്രക്കാരാണ് ബഹ്റൈനിലെ വിവിധ എന്‍ട്രി പോയന്റുകളിലൂടെ കടന്നുപോയത്. കിങ് ഫഹദ് കോസ്വേ വഴി 14,31,932 പേര്‍ വന്നപ്പോള്‍ 14,55,995 പേര്‍ ആ വഴി രാജ്യം വിട്ടു. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 2,13,032 യാത്രക്കാരാണെത്തിയത്. 2,73,466 യാത്രക്കാര്‍ പോയി. തുറമുഖങ്ങള്‍ വഴി 1912 യാത്രക്കാരാണ് എത്തിയത്. 1670 യാത്രക്കാര്‍ പുറപ്പെടുകയും ചെയ്തു.

ബിസിനസ്, വിനോദസഞ്ചാര ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ബഹ്റൈന്‍ മാറുന്നു എന്നതിന്റെ വ്യക്തമായ സൂചനകളാണ് ഈ കണക്കുകള്‍. രാജ്യത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം ഇതിനൊരു കാരണമാണ്. ലോകോത്തര അടിസ്ഥാന സൗകര്യങ്ങളാണ് ഇവിടെയുള്ളത്. മാത്രമല്ല, പൗരാണികമായ കെട്ടിടങ്ങളും സ്മാരകങ്ങളും മറ്റു വൈവിധ്യമാര്‍ന്ന ഘടകങ്ങളും ലോകമെമ്പാടുമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.

Top