ചുമര്‍ചിത്രങ്ങളുടെ ചരിത്രപ്രാധാന്യം പൊതുജനങ്ങളെ അറിയിക്കാനായി ബോധവത്കരണവും വേണം: അടൂര്‍ ഗോപാലകൃഷ്ണന്‍

നമ്മുടെ ചരിത്രസമ്പത്തായ ഇത്തരം ചിത്രങ്ങള്‍ പലയിടങ്ങളിലും നാശത്തിന്റെ വക്കിലാണ്.

ചുമര്‍ചിത്രങ്ങളുടെ ചരിത്രപ്രാധാന്യം പൊതുജനങ്ങളെ അറിയിക്കാനായി ബോധവത്കരണവും വേണം: അടൂര്‍ ഗോപാലകൃഷ്ണന്‍
ചുമര്‍ചിത്രങ്ങളുടെ ചരിത്രപ്രാധാന്യം പൊതുജനങ്ങളെ അറിയിക്കാനായി ബോധവത്കരണവും വേണം: അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: കേരളീയ പാരമ്പര്യത്തിന്റെ ചരിത്രശേഷിപ്പുകളായ ചുമര്‍ചിത്രങ്ങളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍തലത്തില്‍ നയരൂപീകരണവും നിയമനിര്‍മാണവും വേണമെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. നമ്മുടെ ചരിത്രസമ്പത്തായ ഇത്തരം ചിത്രങ്ങള്‍ പലയിടങ്ങളിലും നാശത്തിന്റെ വക്കിലാണ്. ഇവയെ വരും തലമുറയ്ക്കായി ശരിയായ രീതിയില്‍ സംരക്ഷിക്കുന്നതിന് വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരം ഉദ്യോഗസ്ഥതലത്തില്‍ ഇടപെടല്‍ ഉണ്ടാവണം.

ചുമര്‍ചിത്രങ്ങളുടെ ചരിത്രപ്രാധാന്യം പൊതുജനങ്ങളെ അറിയിക്കുന്നതിനായി ബോധവത്കരണശ്രമങ്ങളും ഉണ്ടാവണമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സാംസ്‌കാരികവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ വാസ്തുവിദ്യാ ഗുരുകുലം തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന ”കേരളീയ ചുമര്‍ചിത്രകല – ഇന്നലെ, ഇന്ന്, നാളെ” എന്ന ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്ഘാടനച്ചടങ്ങില്‍ സാംസ്‌കാരികകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ചുമര്‍ചിത്ര കലാകാരനുമായ ഡോ. രാജന്‍ ഖോബ്രാഗഡേ ഐഎഎസ് മുഖ്യാതിഥിയായി. നാഷണല്‍ മ്യൂസിയം മുന്‍ ഡയറക്ടര്‍ ഡോ. വേലായുധന്‍ നായര്‍, ചരിത്രകാരന്‍ ഡോ. എം.ജി. ശശിഭൂഷണ്‍, എഎസ്‌ഐ മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ. നമ്പിരാജന്‍ എന്നിവരെ ആദരിച്ചു. വാസ്തുവിദ്യാ ഗുരുകുലം ചെയര്‍മാന്‍ ഡോ. ജി. ശങ്കര്‍ അധ്യക്ഷനായ ചടങ്ങില്‍ വാസ്തുവിദ്യാ ഗുരുകുലം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രിയദര്‍ശനന്‍ പി.എസ്., കണ്‍സല്‍റ്റന്റ് ഫാക്കല്‍റ്റി ശശി എടവരാട്, ഫാക്കല്‍റ്റി ദീപ്തി പി.ആര്‍., മ്യൂറല്‍ ആര്‍ട്ടിസ്റ്റ് കടമ്മനിട്ട ശ്രീക്കുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Also Read: സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനാല്‍ കത്തിന് ഇനി പ്രസക്തിയില്ല; വിഡി സതീശന്‍

രണ്ടു ദിവസങ്ങളിലായി ചുമര്‍ചിത്രകലയുടെ വിവിധ തലങ്ങള്‍ സംബന്ധിച്ച് പ്രബന്ധ അവതരണങ്ങളും ഗ്രൂപ്പ് ചര്‍ച്ചകളും സെമിനാറില്‍ നടക്കുന്നുണ്ട്. ”ചുമര്‍ ചിത്ര കല – സാമ്പത്തിക – വിജ്ഞാന – തൊഴില്‍ മേഖലകളിലെ സാധ്യതകളും പരിമിതികളും” എന്ന വിഷയത്തിലെ ഓപ്പണ്‍ ഫോറം കലാകാരരുടേയും വിദ്യാര്‍ത്ഥികളുടേയും സജ്ജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

രണ്ടാം ദിനമായ ഞായറാഴ്ച്ച പ്രബന്ധ അവതരണങ്ങള്‍ക്ക് പുറമേ കേരളീയ – ഭാരതീയ ചുമര്‍ചിത്രകലയെ കുറിച്ച് ക്വിസ് മത്സരവും നടക്കും. രജിസ്റ്റര്‍ ചെയ്യുന്ന ഡെലിഗേറ്റുകള്‍ക്ക് ക്വിസ്സില്‍ പങ്കെടുക്കാം. പ്രൈസ് മണി ഉള്‍പ്പെടെ ആകര്‍ഷകമായ സമ്മാനങ്ങളുണ്ടാവും.

ഞായറാഴ്ച്ച വൈകുന്നേരം നാലരയ്ക്ക് നടക്കുന്ന സമാപന സമ്മേളനം മുന്‍ ചീഫ് സെക്രട്ടറി വി.പി. ജോയ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായിക വിധു വിന്‍സെന്റ്, ശ്രീ ശങ്കര സംസ്‌കൃത സര്‍വകലാശാല ചുമര്‍ ചിത്ര വിഭാഗം തലവന്‍ ഡോ. സാജു തുരുത്തില്‍, ഗുരുവായൂര്‍ ചുമര്‍ചിത്ര പഠന കേന്ദ്രം മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. കെ.യു. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Top